• Home
  • kerala
  • താന്‍ നേരിട്ടത് യേശുവിന്റെ കുരിശുമരണത്തിനു സമാന സാഹചര്യം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ- ഈസ്റ്റര്‍ സന്ദേശത്തിന്റെ രൂപത്തില്‍ ആത്മഗതവുമായി പി.പി.ദിവ്യ
Image

താന്‍ നേരിട്ടത് യേശുവിന്റെ കുരിശുമരണത്തിനു സമാന സാഹചര്യം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ- ഈസ്റ്റര്‍ സന്ദേശത്തിന്റെ രൂപത്തില്‍ ആത്മഗതവുമായി പി.പി.ദിവ്യ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നേരിടുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ ഈസ്റ്റർ ആശംസാ സന്ദേശ വീഡിയോയിലൂടെ താൻ കടന്നു പോകുന്ന സാഹചര്യം വെളിപ്പെടുത്തുന്നു. ഈസ്റ്റർ ആശംസകൾ അറിയിച്ച് യൂട്യൂബിലൂടെ നൽകിയ പുതിയ വീഡിയോയിൽ ദിവ്യ യേശുവിന്റെ കുരിശുമരണ സാഹചര്യത്തെ നവീൻ ബാബു കേസുമായി തനിക്കുണ്ടായ അനുഭവങ്ങളുമായി താരതമ്യം ചെയ്യുകയാണ് . ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഒന്നിച്ച് അത്താഴമുണ്ടവര്‍ ഒറ്റുകാരായി എന്ന ഒരു ഒളിയമ്പും ദിവ്യയുടെ വാക്കുകളിലുണ്ട്. പാര്‍ടിയിലെ ചില സഹപ്രവര്‍ത്തകര്‍ തനിക്ക് എതിരെ നിന്നു എന്നതാണ് ദിവ്യയുടെ ഒളിയമ്പ് എന്ന് വിലയിരുത്താവുന്നതാണ്.

വീഡിയോയിലെ സന്ദേശം ഇങ്ങനെയാണ്- എല്ലാവർക്കും നമസ്കാരം ഈസ്റ്റർ ആശംസകൾ. പെസഹവ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ ഇത് നമുക്ക് ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ഈസ്റ്റർ നമ്മെ ഓർപ്പിക്കുന്ന ലളിതമായ സത്യം തിന്മയുടെ മേൽ അവസാനത്തെ ജയം നന്മയ്ക്കായിരിക്കും എന്നാണ്. നിസ്വാർത്ഥരായ മനുഷ്യർക്കായി ചോദ്യങ്ങൾ ഉയർത്തിയതിനാലാണ് യേശുവിന് കുരിശുമരണം വിധിക്കപ്പെട്ടത്.വാക്കിലോ പ്രവർത്തിയിലോ മനോഭാവത്തിലോ തെറ്റൊന്നും ചെയ്യാത്തവനായിരുന്നു യേശു. എല്ലാവരുടെയും നന്മമാത്രം ആഗ്രഹിച്ചവൻ, നെറികേട് കണ്ടാൽ ചാട്ടവാറെടുത്ത നീതിമാനായിരുന്നു അദ്ദേഹം. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് ഉറക്കെ പറഞ്ഞ മനുഷ്യസ്‌നേഹി. എന്നിട്ടും മതമേലദ്ധ്യക്ഷന്മാരും ഭരണകൂടവും അവനെതിരായി നിന്ന് തെറ്റായ ആരോപണം ഉന്നയിച്ച് ക്രൂശിച്ച് കൊന്നു. ഒപ്പമിരുന്ന് അത്താഴം കഴിച്ചവരായിരുന്നു ഒറ്റികൊടുത്തത്. ഒപ്പം നടന്നവരായിരുന്നു കല്ലെറിഞ്ഞത്.എത്ര സത്യസന്ധമായി ജീവിച്ചാൽ പോലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും. എങ്കിലും നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെ ഏത് പാതാളത്തിൽ ആണെങ്കിലും കുതിച്ചുയർന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാമെന്ന് സന്ദേശമാണ് ഈസ്റ്റർ നൽകുന്നത്. ഇരയുടെ വേദന തിരിച്ചറിയാത്തിടത്തോളം കാലം സമൂഹത്തിന്റെ മനസ് എന്നും വേട്ടക്കാരന്റെത് തന്നെയാണ്. നമുക്കൊരു പതനം ഉണ്ടാകുമ്പോൾ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് തിരിച്ചറിവും ഈ അവസരത്തിൽ നമുക്ക് പാഠമാകും.

Leave a Reply

Your email address will not be published. Required fields are marked *