സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രിയാണ് നടൻ ഷൈൻ ടോം ചാക്കോയുടെ രക്ഷാപുരുഷൻ എന്ന കാര്യവും ഒരു മലയാള സൂപ്പർ താരമാണ് ഷൈൻ ടോം ചാക്കോയുടെ സംരക്ഷകനെന്ന് ആക്ഷേപമുള്ളതും നാട്ടിൽ പാട്ടാണെന്ന് ബി ജെ പി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. കൊച്ചിയിലെ മയക്കുമരുന്ന് ഇടപാടിൽ മട്ടാഞ്ചേരി മാഫിയ എന്ന് അറിയപ്പെടുന്ന സംഘത്തിന് പങ്കുണ്ട് എന്ന് മുമ്പ് തന്നെ അറിയുന്ന കാര്യമാണെന്നും എന്നാൽ നടപടികളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ എഴുതി.
അതേസമയം, ഷൈൻ ടോം ചാക്കോ പ്രതിയായ 2015ലെ കൊക്കെയ്‌ൻ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ ഒരുങ്ങുന്നതായി സൂചന വരുന്നുണ്ട്. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത കൊക്കെയ്‌ൻ കേസിലായിരുന്നു ഷൈൻ ടോം ചാക്കോ പ്രതിയായിരുന്നത്. ഇത്രയും പ്രാധാന്യമുള്ള കേസായിട്ടും പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നതില്‍ ‘പരാജയപ്പെട്ടു’ എന്നത് ഷൈനിന്റെ കഴിഞ്ഞ ദിവസത്തെ നടപടികളിലൂടെ വലിയ ചര്‍ച്ചയായി മാറിയിരിക്കയാണ്.

രണ്ട് മാസം മുമ്പാണ് വിചാരണക്കോടതി ഷൈൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. വിധിയുടെ പകർപ്പ് പുറത്തുവന്നത് കഴിഞ്ഞയാഴ്‌ചയാണ്. അതിലെ വിശദാംശങ്ങൾ പഠിച്ചശേഷമാണ് വിചാരണക്കോടതി പ്രോസിക്യൂഷൻ അഭിഭാഷകൻ ഇപ്പോൾ ഹൈക്കോടതിയുടെ എജി ഓഫീസിലേക്ക് അപ്പീൽ നൽകാൻ തീരുമാനിച്ചത്. അവിടെ നിന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്ക് ഇത് കൈമറും. ഇതിൽ വിശദമായ പരിശോധനയ്‌ക്ക് ശേഷം കേസിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് വിവരം. പൊലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ ഉൾപ്പെടെ പരിശോധിക്കും.














