• Home
  • kerala
  • അപമാനിച്ച ആ നടൻ ഷൈൻ ടോം ചാക്കോ … തുറന്നു വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്

അപമാനിച്ച ആ നടൻ ഷൈൻ ടോം ചാക്കോ … തുറന്നു വെളിപ്പെടുത്തി നടി വിന്‍സി അലോഷ്യസ്

ലൊക്കേഷനില്‍ ലഹരിമരുന്നുപയോഗിച്ച് മോശമായി പെരുമാറിയെന്ന് യുവനടി വിന്‍സി അലോഷ്യസ് പറഞ്ഞ ആ നടന്‍ നേരത്തെയും ലഹരി ഉപയോഗത്തിന്റെ പേരില്‍ ആരോപണ വിധേയനായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത് നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്നു വിഞ്ചി തന്നെ തുറന്നു പറഞ്ഞു.. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകി. നടിയുടെ പരാതി പരിഗണിക്കാൻ അടുത്ത തിങ്കളാഴ്‌ച ചേംബ‌റിന്റെ മോണിറ്ററിംഗ് കമ്മിറ്റി അടിയന്തര യോഗം ചേരും.

അതേസമയം താന്‍ ഫിലിം ചേമ്പറിന് നല്‍കിയ പരാതിയില്‍ പറഞ്ഞ പേര് ആരാണ് പുറത്താക്കിയത് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. സംഘടനയ്ക്കകത്ത് മാത്രം വിഷയം ചര്‍ച്ച ചെയ്ത് തീര്‍ത്താല്‍ മതിയെന്ന നിലപാടിലാണ് വിന്‍സി അലോഷ്യസ്. നിയമനടപടിക്കോ പൊലീസില്‍ രേഖാമൂലം പരാതിപ്പെടാനോ താനില്ലെന്നും വിന്‍സി വ്യക്തമാക്കി. അതു പോലെ നടനെ നിരന്തരം വേട്ടയാടുന്നതായി ആരോപിച്ച് ഷൈനിന്റെ കുടുംബവും രംഗത്തു വന്നിട്ടുണ്ട്.

വിന്‍സി അലോഷ്യസ്

വിൻസിയുടെ വെളിപ്പെടുത്തലിൽ സ്റ്റേറ്റ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസെടുക്കാൻ പൊലീസും നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ നടിയുമായി സംസാരിക്കുമെന്നാണ് വിവരം.
സിനിമാ സെറ്റിൽ വച്ച് ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിൻസി അലോഷ്യസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു നടിയുടെ പ്രതികരണം.

നടന്റെ പേര് പുറത്താകരുതെന്ന് താൻ ആഗ്രഹിച്ചിരുന്നതായി വിൻസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതുകൊണ്ടാണ് പേര് പറയാതിരുന്നത്. എന്നാൽ അത് എങ്ങിനെയോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. അതിനാൽ ഞാൻ തുറന്നു പറയുകയാണെന്ന് നടി പറഞ്ഞു. “അയാളെ ഓർത്തിട്ടല്ല എനിക്ക് ബുദ്ധിമുട്ട്. ഇറങ്ങാനിരിക്കുന്ന കുറേ സിനിമകളുണ്ട്. അതിനെ ബാധിക്കുമെന്നത് എനിക്ക് വ്യക്തമാണ്. ഇതിനുമുൻപ് ഒരു ഇന്റർവ്യൂവിൽ അയാൾ അസഭ്യം പറഞ്ഞിട്ട് ആ സിനിമയ്ക്കുണ്ടായ പ്രശ്നങ്ങൾ എനിക്ക് വ്യക്തമായി അറിയാം. അല്ലാതെ അയാളെ മുന്നിൽക്കണ്ടുകൊണ്ടല്ല പേര് പറയാതിരുന്നത്. പിന്നെ ശരിയാണ്, അയാൾക്കൊരു മാറ്റമുണ്ടെങ്കിൽ, അയാൾ നന്നാകാൻ തീരുമാനിച്ചാൽ വീണ്ടും പരിഗണിക്കണമെന്ന കരുതുന്ന ആൾ തന്നെയാണ് ഞാൻ. അതാണ് വേറൊരുവശം.എന്റെ പരാതിയിലും അയാളുടെ പേരോ സിനിമയുടെ പേരോ പുറത്തുപറയില്ലെന്ന് വ്യക്തമാക്കിയതാണ്. പേരെങ്ങനെ പുറത്തുവന്നെന്ന് അറിയില്ല. നടപടി വേണം. കാരണം സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച് വന്ന് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കരുത്.”- നടി പറഞ്ഞു.

2015 ജനുവരി 30ന് പുറത്തുവന്ന കൊക്കെയ്ൻ കേസ് ആണ് ഷൈൻ ടോം ചാക്കോയെ വിവാദ നായകനാക്കിയത്. ആ കേസിൽ കോടതി കുറ്റവിമുക്തനാക്കപ്പെട്ട് പുതിയ വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോൾ ഷൈനിനെതിരെ പുതിയ ആരോപണവുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *