വഖഫ് വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീംകോടതി നിർണായക ഉത്തരവിട്ടു. പുതിയ നിയമനങ്ങൾ ഇപ്പോൾ പാടില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ദീർഘകാലമായി ഉപയോഗിക്കുന്ന വഖഫ് സ്വത്ത്( വഖഫ് ബൈ യൂസർ ) ഡീനോട്ടിഫൈ ചെയ്യുന്നതും തടഞ്ഞു. അതെ സമയം വഖഫ് ഭേദഗതി നിയമത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുന്നത് വരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് കോടതി വിധിയിൽ പറയുന്നു. വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും സമയം തരണമെന്നുമായിരുന്നു കോടതിയിൽ കേന്ദ്രം ആവശ്യപ്പെട്ടത് . ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.













