അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻചിറ്റ്. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് ഒപ്പിടുകയായിരുന്നു. അതേസമയം,എഡിജിപി പി.വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. ഇക്കാര്യത്തിൽ എന്ത് തീരുമാനം ഉണ്ടാകുമെന്ന കൗതുകം ബാക്കിയാകുന്നു. വിജയനെതിരെ അജിത്കുമാര്‍ നല്‍കിയത് വ്യാജമൊഴി ആണെന്നും സിവില്‍ ആയോ ക്രിമിനല്‍ ആയോ നടപടി സ്വീകരിക്കണമെന്നുമുള്ള ശുപാര്‍ശയാണ് ഡിജിപി മുഖ്യമന്ത്രിക്കു നല്‍കിയത്. രണ്ടരമാസമായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സ്വന്തം നിലയ്ക്കു നിയമനടപടി എടുക്കാന്‍ അനുവദിക്കണമെന്ന പി.വിജയന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.
പിവി അൻവർ എംഎൽഎ ആയിരുന്നപ്പോൾ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം നടന്നത്. അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകുകയാണ് ചെയ്തത്.
സ്വർണക്കടത്തിൽ എഡിജിപി പി വിജയന് ബന്ധമുണ്ടെന്ന് അജിത്‌കുമാർ മൊഴി നൽകിയിരുന്നു. എസ്‌പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴി. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ അജിത്‌കുമാർ നൽകിയ മൊഴി കള്ളമാണെന്ന് പി വിജയൻ ഡിജിപിക്ക് പരാതി നൽകിയതോടെ വിവാദം കൊഴുത്തു. തുടർന്ന് ഡിജിപി അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.













