പാർലമെന്റിൽ വഖഫ് ബിൽ പാസാക്കുന്നതിനെ സിപിഐഎം എതിർത്തെങ്കിലും, കേരളത്തിൽ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാത്തതിൽ ചോദ്യങ്ങളുമായി മുസ്ലിം കേന്ദ്രങ്ങൾ. തമിഴ്‌നാടും പശ്ചിമ ബംഗാളും തങ്ങള്‍ വഖഫ് ബില്‍ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതോടെയാണ് കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടരുന്ന മൗനം കൗതുകകരമാകുന്നത്. വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരും പ്രതിപക്ഷ പാർട്ടികളും സംയുക്ത പ്രമേയം പാസാക്കണമെന്ന് കേരളത്തിലെ ചില മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങുകയാണ്. തമിഴ്‌നാട്ടിനെയും പശ്ചിമ ബംഗാളിനെയും സംസ്ഥാനം മാതൃകയാക്കണമെന്നതാണ് മുസ്ലീം സംഘടനകളുടെ താല്പര്യം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ സംസ്ഥാനത്ത് ഈ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ, പാർലമെന്റ് പാസാക്കുന്നതിന് മുമ്പുതന്നെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കുകയുണ്ടായി. “വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ തമിഴ്‌നാട് അസംബ്ലി പ്രമേയം പാസാക്കിയിട്ടുണ്ട്. കേരള സർക്കാരും അത്തരമൊരു പ്രമേയം പാസാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വ്യാഴാഴ്ച പിടിഐയോട് പറഞ്ഞു. നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കേരളത്തിലെ രാജ്ഭവനിലേക്ക് സംയുക്തമായി മാർച്ച് സംഘടിപ്പിച്ച മറ്റ് നിരവധി മുസ്ലീം സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
“ഈ രാജ്യത്തെ അവസാനത്തെ മുസ്ലീമും മരിക്കുന്നതുവരെ, ഈ ജനാധിപത്യ വിരുദ്ധ നിയമം നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ രാജ്ഭവൻ മാർച്ച് ഒരു തുടക്കം മാത്രമാണ്, പാർലമെന്റിലേക്ക് ഒരു വലിയ പ്രതിഷേധ റാലി ഞങ്ങൾആലോചിക്കുന്നു . “- കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ബിജെപിയുടെയും ആർഎസ്എസിന്റെയും മതധ്രുവീകരണത്തെ എതിർക്കുന്ന എല്ലാവരും അവരുടെ മുസ്ലീം സഹോദരങ്ങളുമായി കൈകോർത്ത് അത്തരം വിവേചനത്തിനെതിരെ പോരാടുമെന്ന് പരിപാടിയിൽ പങ്കെടുത്ത സിപിഐ ദേശീയ എക്സിക്യൂട്ടീവ് മുൻ അംഗവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.













