• Home
  • latest news
  • 17 മുസ്ലീം സ്ഥലപ്പേരുകള്‍ വെട്ടിമാറ്റി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…ഇനി ഗുരു ഗോള്‍വാള്‍ക്കര്‍ മാര്‍ഗ് മുതലുള്ള പേരുകളില്‍

17 മുസ്ലീം സ്ഥലപ്പേരുകള്‍ വെട്ടിമാറ്റി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…ഇനി ഗുരു ഗോള്‍വാള്‍ക്കര്‍ മാര്‍ഗ് മുതലുള്ള പേരുകളില്‍

മുസ്ലീം പുണ്യമാസമായ റംസാൻ ആരംഭത്തിൽ 136 മദ്രസകൾ അടച്ചുപൂട്ടിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നാല് ജില്ലകളിലായി മുസ്ലീം പേരുകളുള്ള 17 സ്ഥലങ്ങളുടെ പേര് കൂടി മാറ്റി.

ഇതിൽ പത്ത് സ്ഥലങ്ങൾ ഹരിദ്വാർ ജില്ലയിലും നാലെണ്ണം ഡെറാഡൂണിലും രണ്ടെണ്ണം നൈനിറ്റാളിലും ഒരെണ്ണം ഉദംസിങ് നഗറിലും സ്ഥിതി ചെയ്യുന്നു. ഹരിദ്വാറിലെ ഔറംഗസേബ്പൂർ ശിവാജി നഗർ എന്നും ഗാസിവാലിയെ ആര്യ നഗർ എന്നും ഖാൻപൂർ ശ്രീ കൃഷ്ണപൂർ എന്നും ഖാൻപൂർ കുർസാലിയെ അംബേദ്കർ നഗർ എന്നും പുനർനാമകരണം ചെയ്തു.

ഡെറാഡൂണിലെ മിയാൻവാല ഇനി രാംജിവാല എന്നും ചാന്ദ്പൂർ ഖുർദ് പൃഥ്വിരാജ് നഗർ എന്നും നൈനിറ്റാളിലെ നവാബി റോഡിന് അടൽ റോഡ് എന്നും പഞ്ചുക്കി മാർഗ് ആർഎസ്എസ് മുൻ തലവൻ ഗുരു ഗോൾവാൾക്കർ മാർഗ് എന്നും അറിയപ്പെടും.

“ജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചും ഇന്ത്യൻ സംസ്കാരത്തിനും പൈതൃകത്തിനും അനുസൃതമായും മഹത്തായ വ്യക്തികളെ ആദരിച്ചുകൊണ്ടാണ് മാറ്റങ്ങൾ വരുത്തിയത്” എന്ന് മുഖ്യമന്ത്രി ധാമി അവകാശപ്പെട്ടു. “അടിമത്തത്തിന്റെ അവസാന അവശിഷ്ടങ്ങൾ” ഇല്ലാതാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി പേരുകൾ മാറ്റിയതിന് ബിജെപി സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു.

2021-ൽ അധികാരമേറ്റതുമുതൽ തുടർച്ചയായ മുസ്ലീം വിരുദ്ധ നടപടികളിലൂടെ വർഗീയ വിഭജനത്തിനു ശ്രമിച്ചു വരുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ‘ലാൻഡ് ജിഹാദ്’, ‘ലവ് ജിഹാദ്’, ‘മസർ ജിഹാദ്’, ‘തൂക്ക് ജിഹാദ്’, യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പിലാക്കൽ, മദ്രസകൾക്കെതിരായ നടപടികൾ എന്നിവയിലൂടെയാണ് വിവാദങ്ങളിൽ നിറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *