സംസ്ഥാന സിലബസിലെ എട്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ 3,98,181 വിദ്യാർത്ഥികളിൽ 86,309 പേർ (ഏകദേശം 22 ശതമാനം ) പേർ കുറഞ്ഞത് ഒരു വിഷയത്തിലെങ്കിലും തോറ്റു . ഇത്രയും പേർക്ക് ‘ഇ’ ഗ്രേഡ് മാത്രമേ ലഭിച്ചുള്ളൂ. കുറഞ്ഞത് ഒരു വിഷയത്തിലെങ്കിലും പാസാകാൻ കഴിയാത്ത, ഒരു വിഷയത്തിൽ 30ശതമാനത്തിൽ താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് ഇ ഗ്രേഡ് നൽകുക. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ‘ഓൾ പാസ്’ എന്ന സമ്പ്രദായം അവസാനിപ്പിച്ചതിനു തിനു ശേഷമുള്ള ആദ്യത്തെ വാർഷിക പരീക്ഷാ ഫലമാണിത്.
ഏപ്രിൽ 8 മുതൽ 24 വരെ വിദ്യാർത്ഥികൾക്ക് അതത് വിഷയങ്ങളിൽ അധിക സപ്പോർട്ട് ക്ലാസുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും, ഏപ്രിൽ 30 ന് ഫലം പ്രഖ്യാപിക്കും.
ഒരു വിഷയത്തിലെങ്കിലും പാസ് മാർക്ക് ലഭിക്കാത്തവരിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലാണ് ‘ഇ’ ഗ്രേഡ് ലഭിച്ചത്. എല്ലാ വിഷയങ്ങളിലും ‘ഇ’ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 5,516 ആണ്. പരീക്ഷ എഴുതിയ മൊത്തം വിദ്യാർത്ഥികളുടെ 1.3 ശതമാനം ആണിതെന്ന് ശിവൻകുട്ടി പറഞ്ഞു. ഓരോ ജില്ലയിലെയും സപ്പോർട്ട് ക്ലാസുകൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.














