സിപിഐഎമ്മിന്റെ ആറാമത് ജനറല്‍സെക്രട്ടറിയായി മലയാളിയായ എം.എ.ബേബി തിരഞ്ഞെടുക്കപ്പെട്ടത് ബംഗാള്‍ ഘടകം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ വിയോജിപ്പിനെ മറികടന്നാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച രാത്രി നടന്ന പൊളിറ്റബ്യൂറോ യോഗത്തില്‍ ബംഗാള്‍ ഘടകത്തിലെ നാല് അംഗങ്ങളും മഹാരാഷ്ട്ര ഘടകത്തിലെ ഒരംഗവും ബേബിയുടെ പേരിനോട് വിയോജിച്ചതായി പറയുന്നു. 16 പിബി അംഗങ്ങളില്‍ 11 പേരുടെ പിന്തുണ പക്ഷേ ബേബിക്ക് ലഭിച്ചു. പശ്ചിമ ബംഗാൾ ഘടകം മഹാരാഷ്ട്ര നേതാവ് അശോക് ധാവ്‌ളെയെ അനുകൂലിച്ചെങ്കിലും ഫലമുണ്ടായില്ല .
പോളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ടാണ് എം.എ. ബേബിയുടെ പേര് നിർദ്ദേശിച്ചത്. പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലിം, സൂര്യകാന്ത മിശ്ര, നിലോത്പൽ ബസു, രാമചന്ദ്ര ഡോം, അശോക് ധവാലെ എന്നിവരുൾപ്പെടെ അഞ്ച് നേതാക്കൾ ഇതിനെ എതിർത്തു. അതേസമയം അന്തിമ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ബേബിയുടെ പേര് ആരും എതിര്‍ത്തില്ല. ഏകകണ്‌ഠേനയായിരുന്നു ജനറല്‍സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ്. പാര്‍ടി നേതാക്കളും ഇത് സ്ഥിരീകരിച്ചു.
ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളത്തിൽ നിന്ന് സിപിഎമ്മിന്റെ ഉന്നതസ്ഥാനത്തെത്തുന്ന രണ്ടാമത്തെ നേതാവാണ് അദ്ദേഹം.
മഹാരാഷ്ട്ര നേതാവ് ഡിഎൽ കരാദ് മത്സരിച്ചതോടെ ആദ്യമായി പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നതിനും സമ്മേളനം സാക്ഷ്യം വഹിച്ചു. 31 വോട്ടുകൾ മാത്രം നേടിയ കരാദ് പരാജയപ്പെട്ടു. ഇത്രയും വോട്ടുകൾ കിട്ടിയത് നേതാക്കൾക്കിടയിൽ ചർച്ചയായി എന്നും വാർത്തകൾ സൂചിപ്പിക്കുന്നു. 84 അംഗ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.













