റോഡുകളിലും പൊതുസ്ഥലങ്ങളിലും നമസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയിലും ഉത്തർപ്രദേശിലുടനീളമുള്ള 30,000 പള്ളികളിലും 40,000 ഈദ്ഗാഹുകളിലും തിങ്കളാഴ്ച ഈദ്-ഉൽ-ഫിത്തർ നമസ്കാരം സമാധാനപരമായി നടന്നു . നേരത്തെ വർഗീയപരമായ സംഘർഷം ഉണ്ടായ സാംബാൽ, അലിഗഡ്, ലഖ്‌നൗ, മീററ്റ് ജില്ലകളിൽ പ്രത്യേക ജാഗ്രത ഉണ്ടായിരുന്നു. വാരണാസിയിലെ ജുമാ മസ്ജിദിൽ തടിച്ചുകൂടിയ വിശ്വാസികൾക്ക് പള്ളിയുടെ പടികളിൽ നമസ്‌കരിക്കേണ്ടി വന്നു.
അതേസമയം, ലഖ്‌നൗ ഈദ്ഗാഹിലേക്കുള്ള തന്റെ സന്ദർശനം വൈകിപ്പിക്കാൻ സംസ്ഥാന സർക്കാർ മനഃപൂർവ്വം തന്റെ വാഹന വ്യൂഹത്തെ തടഞ്ഞു നിർത്തിയതായി സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ആരോപിച്ചു. ഭരണകൂടം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈദുൽ ഫിത്തർ നമസ്കാരം സമാധാനപരമായി നടത്തിയതായി യുപി ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആളുകൾ പൊതുസ്ഥലങ്ങളിൽ നമസ്‌കാരം നടത്തിയില്ല എന്നും ഡിജിപി പറഞ്ഞു.













