• Home
  • exclusive
  • സംഘപരിവാറിനെയും സിപിഎമ്മിനെയും ശക്തമായി വിമര്‍ശിച്ച് എമ്പുരാന്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍
Image

സംഘപരിവാറിനെയും സിപിഎമ്മിനെയും ശക്തമായി വിമര്‍ശിച്ച് എമ്പുരാന്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍

2019-ല്‍ പുറത്തുവന്ന സിനിമയായ ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാന്‍ എന്ന മെഗാസിനിമ വ്യാഴാഴ്ച റിലീസ് ചെയ്തപ്പോള്‍ അതിലെ രാഷ്ട്രീയം ആദ്യ ദിനം തന്നെ വലിയ ചര്‍ച്ചാ വിഷയമായിരിക്കയാണ്.

കേരളത്തിലെ സമകാലിക രാഷ്ട്രീയം തിരക്കഥാകൃത്തായ അരുണ്‍ഗോപിയും സംവിധായകന്‍ പൃഥ്വീരാജും കൃത്യമായി സംയോജിപ്പിച്ചിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിവ്യൂകളില്‍ ഉള്ളത്. സിനിമയെ വിമര്‍ശിച്ച് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തു വന്നതിനു പിന്നില്‍ കടുത്ത സംഘപരിവാര്‍ വിമര്‍ശനം ആണെന്നത് ഉറപ്പായിക്കഴിഞ്ഞു. സിനിമ ബഹിഷ്‌കരിക്കാന്‍ ചില സംഘപരിവാര്‍ അനുകൂലികള്‍ സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തതും പുറത്തുവന്നിട്ടുണ്ട്.

പൃഥിരാജിന് കൈയടികളുമായും ആരാധകര്‍ വന്നിട്ടുണ്ട്. “സംഘപരിവാര്‍ മതവര്‍ഗീയ രാഷ്ട്രീയത്തെ തുറന്ന് കാണിക്കുന്ന ഒരു സിനിമയെടുക്കാന്‍ ധൈര്യം കാണിച്ച പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മതനിരപേക്ഷ കേരളത്തിന്റെ ആശംസകള്‍…” എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

കേരളരാഷ്ടീയത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ലൂസിഫറിനെ പോലെ എമ്പുരാനും ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. കേരളത്തെ വിഴുങ്ങിത്തുടങ്ങിയ വലിയ സംവിധാനമായി ആര്‍.എസ്.എസ്. വളര്‍ന്നുവരുന്നതും കോണ്‍ഗ്രസിനകത്ത് ആര്‍.എസ്.എസ്. ശക്തിപ്രാപിച്ച് പതുക്കെ കോണ്‍ഗ്രസ് അനുകൂലികള്‍ സംഘപരിവാര്‍ പക്ഷമായി മാറുന്നതും സിനിമ പ്രതിഫലിപ്പിക്കുന്നു. ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തതെന്ന കടുത്ത വിമര്‍ശനവും സിനിമയില്‍ ഉണ്ട്.

2002 ല്‍ ഗുജറാത്തിലുണ്ടായ വംശഹത്യയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സിനിമ കാണിച്ചുതരുന്നുണ്ട് . ഫാസിസം മറച്ചു വെക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളില്‍ കാണികൾ വിലയിരുത്തുന്നു. ഹിന്ദുത്വ ഭീകരതയും, അതിനെ ഉപയോഗിച്ച് കേരളത്തിൽ വളരുന്ന ബിജെപിയും ഇവിടെ വളരാൻ അവര്‍ നടത്തുന്ന ശ്രമങ്ങളും, എതിര്‍ക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കുന്ന ഫാസിസ്റ്റ് നീക്കങ്ങളുമെല്ലാം സിനിമയിൽ കടന്നുവരുന്നത് സംഘപരിവാറിനെ ഉറപ്പായും അസ്വസ്ഥമാക്കുന്നവയാണ്.

സിപിഎമ്മിനെതിരെ ശക്തമായ പരിഹാസം എമ്പുരാനിലുണ്ട്. പാര്‍ടി സമ്മേളനത്തിനു മുന്നോടിയായി മെഗാതിരുവാതിരയുടെ അവതരണത്തെ ഹാസ്യരൂപേണ പരാമര്‍ശിക്കുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയെ കടുത്ത പരിഹാസത്തിന്റെ ചേരുവയോടെ സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയായി വരുന്നത് നടന്‍ ശിവജി ഗുരുവായൂര്‍ ആണ്. മാര്‍ക്‌സിസവുമായി ചേര്‍ന്നു പോകാത്ത നിലപാടുകള്‍ പിന്തുടരുന്ന, കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ നിന്നും അപഭ്രംശം വന്ന പാതയില്‍ സഞ്ചരിക്കുന്ന രാഷ്ട്രീയനേതാവായിട്ടാണ് ഇദ്ദേഹത്തെ അവതരിപ്പിക്കുന്നത്. സിപിഎം എന്നതിന് മറ്റൊരു പേരാണ് ഉപയോഗിച്ചിരിക്കുന്നത്.

കറുത്ത മാസ്‌ക് മാറ്റി വെളുത്ത മാസ്‌ക് ആക്കുന്നതല്ല നേതാവിന്റെ നിലപാട് എന്ന് പരിഹസിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന് റിവ്യൂ ചെയ്യപ്പെടുന്നുണ്ട്. ഒരു ഡാമിന്റെ ചുറ്റുമതില്‍ പണിയില്‍ കൊറിയന്‍ കമ്പനി നടത്തിയ അഴിമതി സിനിമയില്‍ കടന്നുവരുന്നുണ്ട്. ഇതും സിപിഎം ഭരണത്തിലെ ചില ഇടപാടുകളെ ഉദ്ദേശിച്ചാണെന്ന വിമര്‍ശനവും ഉയരുന്നു.

സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യാജപതിപ്പും പ്രചരിക്കുന്നതായാണ് വിവരം . ഫില്‍മിസില്ല, മൂവിരുലെസ്, തമിഴ് റോക്കേഴ്‌സ് എന്നിവയുടെ വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും സിനിമ ലഭ്യമായതായി പറയുന്നു. വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത് തടയാന്‍ നിയമനടപടികള്‍ ആരംഭിച്ചതായി സൈബർ പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

സംഘപരിവാറിനെയും സിപിഎമ്മിനെയും ശക്തമായി വിമര്‍ശിച്ച് എമ്പുരാന്‍ എന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ - The Political Editor