തന്റെ സംസ്ഥാനത്ത് ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ, മുസ്ലീങ്ങളും സുരക്ഷിതരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ സംസ്ഥാനത്ത് സുരക്ഷിതരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാർത്താ ഏജൻസി ആയ എഎൻഐയോട് പറഞ്ഞു. ഒരു യോഗി എന്ന നിലയിൽ എല്ലാവരുടെയും സന്തോഷം താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ സഹിഷ്ണുത സ്വഭാവം എടുത്തുകാണിച്ചുകൊണ്ട്, നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. എന്നാൽ, നൂറ് മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദു കുടുംബങ്ങൾ സുരക്ഷിതരായിരിക്കാനുള്ള സാധ്യതയെ യോഗി ചോദ്യം ചെയ്തു.
“നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഏറ്റവും സുരക്ഷിതമായത് ഒരു മുസ്ലീം കുടുംബമാണ്. അവർക്ക് അവരുടെ എല്ലാ മതപരമായ കർമ്മങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാൽ 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയുമോ? ഇല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ്, പാകിസ്ഥാൻ ഒരു ഉദാഹരണമായിരുന്നു. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചത്? “– യോഗി ചോദിച്ചു.
2017-ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ വർഗീയ കലാപങ്ങൾ നിലച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി ഉത്തർപ്രദേശിൽ മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതരെന്ന് ആവർത്തിച്ചു. “ഉത്തർപ്രദേശിൽ മുസ്ലീങ്ങളാണ് ഏറ്റവും സുരക്ഷിതർ. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ അവരും സുരക്ഷിതരാണ്. 2017 ന് മുമ്പ് യുപിയിൽ കലാപങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഹിന്ദു കടകൾ കത്തിച്ചിരുന്നെങ്കിൽ, മുസ്ലീം കടകളും കത്തുമായിരുന്നു. ഹിന്ദു വീടുകൾ കത്തുന്നുണ്ടെങ്കിൽ, മുസ്ലീം വീടുകളും കത്തുകയായിരുന്നു. 2017 ന് ശേഷം കലാപം നിലച്ചു.”- യോഗി അവകാശപ്പെട്ടു.













