• Home
  • kerala
  • സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു; എ. വിജയരാഘവന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു; എ. വിജയരാഘവന്റെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത ഇ.കെ വിഭാഗം മുഖപത്രമായ സുപ്രഭാതം. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
“സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം പറയുന്നതാവരുത് സിപിഎമ്മിന്റെ ലക്ഷ്യം. ഇസ്ലാമോഫോബിയ വളര്‍ത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യും. വിജയരാഘവന്‍മാരെ തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെങ്കില്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ചു പോകും.”- മുഖ പ്രസംഗത്തില്‍ പറയുന്നു.

“ബിജെപിയെ പോലെ പരസ്യമായി സിപിഎം നേതാക്കളും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയാണ്. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ് മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത്. എ വിജയരാഘവന്റെ പരാമര്‍ശം സംഘപരിവാര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിര്‍സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. പിണറായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.” മുഖപ്രസംഗത്തില്‍ പറയുന്നു.

വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ ആരോപിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വയനാട് പരാമര്‍ശത്തില്‍ വിമര്‍ശനം കടുക്കുമ്പോഴും നിലപാട് ആവര്‍ത്തിക്കുകയാണ് എ. വിജയരാഘവന്‍. രാഹുല്‍ഗാന്ധിയും പ്രിയങ്കയും വയനാട്ടില്‍ വിജയിച്ചത് കോണ്‍ഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *