ഉത്തർപ്രദേശിലെ സംഭാലിൽ സമാജ്‌വാദി പാർട്ടി എംപി സിയ ഉർ റഹ്മാൻ്റെ വീട്ടിലേക്കുള്ള പടികൾ വെള്ളിയാഴ്ച ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. 15 ദിവസം നീണ്ടുനിൽക്കുന്ന ജില്ലയിലെ പൊതു ഓടകൾ വൃത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് കനത്ത സുരക്ഷയോടെ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു. വൈദ്യുതി മോഷണം ആരോപിച്ച് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് എംപിക്ക് 1.91 കോടി രൂപ പിഴ ചുമത്തുകയും അദ്ദേഹത്തിൻ്റെ വസതിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈദ്യുതി മോഷണത്തിന് 2003 ലെ ഇലക്‌ട്രിസിറ്റി ആക്‌ട് സെക്ഷൻ 135 പ്രകാരം സിയ ഉർ റഹ്‌മാനെതിരെ വ്യാഴാഴ്ച പോലീസ് കേസെടുത്തു. സംഭാൽ ജില്ലയിലെ ദീപ സരായിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് അദ്ദേഹത്തിൻ്റെ പിതാവ് മംലുക്കൂർ റഹ്മാൻ ബാർഖിനെതിരെയും കേസെടുത്തു.
അതിനിടെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നാലംഗ സംഘം സംഭാലിൽ പുതുതായി കണ്ടെത്തിയ ക്ഷേത്രം, 5 ‘തീർത്ഥങ്ങൾ’, 19 കിണറുകൾ എന്നിവ പരിശോധിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ഡോ രാജേന്ദർ പെൻസിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.













