• Home
  • kerala
  • നടി മീന ഗണേഷ് അന്തരിച്ചു

നടി മീന ഗണേഷ് അന്തരിച്ചു

സിനിമയിലും സീരിയലുകളിലും ഒട്ടേറെ ‘അമ്മ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന നടി മീന ഗണേഷ് (81) അന്തരിച്ചു. പാലക്കാട് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്നു കഴിഞ്ഞ 5 ദിവസമായി ചികിത്സയിലായിരുന്നു. സിനിമാ നാടക നടൻ അന്തരിച്ച എ.എൻ.ഗണേശിന്റെ ഭാര്യയാണ്. സംവിധായകൻ മനോജ് ഗണേഷ് മകനും, സംഗീത മകളുമാണ്.സംസ്കാരം വൈകിട്ട് ഷൊർണൂർ ശാന്തീതീരത്ത് .

19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു മീനയുടെ തുടക്കം. ആദ്യ സിനിമ പി.എ.ബക്കറിന്റെ ‘മണിമുഴക്കം’ ആയിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞ‍ാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ഒട്ടേറെ സീരിയലുകളിലും മീന ഗണേഷ് തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി.

നാടക രംഗത്തെ പരിചയമാണ് എഎന്‍ ഗണേഷുമായുള്ള വിവാഹത്തില്‍ എത്തിയത്. ഭർത്താവ് എഎന്‍ ഗണേഷിന്‍റെ മരണത്തോടെ മീനഗണേഷ് തനിച്ചായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് മീനയ്ക്ക് പക്ഷാഘാതം വന്നിരുന്നു. തുടർന്ന് കുറച്ചു വര്‍ഷങ്ങളായി മീന അഭിനയ രംഗത്ത് നിന്ന് മാറിനിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *