നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിൻ്റെ (യുഎപിഎ) വകുപ്പുകൾ പ്രകാരം 2020 സെപ്റ്റംബർ 13 മുതൽ ഉമർ ഖാലിദ് ജയിലിലാണ്. ജെഎൻയു മുൻ വിദ്യാർത്ഥി നേതാവായ ഉമർ സി.എ.എ. വിരുദ്ധ സമരത്തെ തുടർന്നാണ് അറസ്റ്റിലായത്. ദ്ദേഹത്തിൻ്റെ ഹർജികളിൽ വാദം കേൾക്കൽ വർഷങ്ങളായി വൈകിപ്പിക്കുന്നു. കുടുംബ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഡൽഹി കോടതി ബുധനാഴ്ച ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പേയ് ആണ് ഏഴ് ദിവസത്തെ ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയുമായോ മറ്റ് ആരെങ്കിലുമോ ബന്ധപ്പെടരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത് എന്നിവ ഉമർ ഖാലിദിൻ്റെ ഇടക്കാല ജാമ്യ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
2020-ലെ വടക്കുകിഴക്കൻ ഡൽഹി “കലാപ”ത്തിൽ “വർഗീയ കലാപം സൃഷ്ടിക്കാനും ക്രമസമാധാനം തകർക്കാനുമുള്ള വലിയ ഗൂഢാലോചന”യാണ് ഉമർ ഖാലിദിനെതിരെ ചുമത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി പാസ്സാക്കിയ പൗരത്വനിയമ വിരുദ്ധഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ ആരംഭിച്ച സമരത്തെയും തുടര്‍ന്ന് സംഘപരിവാര്‍ നേതൃത്വത്തില്‍ കിഴക്കന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ വര്‍ഗീയ സംഘര്‍ഷത്തെയുമാണ് കലാപം എന്ന പേരിട്ട് ഡല്‍ഹി പൊലീസ് വിളിക്കുന്നത്. ഡല്‍ഹി ജെ.എന്‍.യു.വിലെ ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ സമരത്തില്‍ അണിചേര്‍ന്നിരുന്നു. ജെ.എന്‍.യു.വിലെ പുരോഗമന വിദ്യാര്‍ഥി സംഘങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ നേരിട്ടും അവരുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി.യുടെ ലേബലിലും കാമ്പസിനകത്ത് വന്‍ തോതില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും അഴിച്ചു വിട്ട കാലഘട്ടവുമായിരുന്നു അത്.
കലാപത്തിന് മുന്നോടിയായി വർഗീയ സംഘർഷം വർദ്ധിപ്പിക്കുന്ന പ്രകോപനപരമായ പ്രസംഗങ്ങളാണ് ഖാലിദ് നടത്തിയതെന്ന് പോലീസ് ആരോപിക്കുന്നു. സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെന്നും ‘അക്രമം പ്രോത്സാഹിപ്പിക്കുന്നതിന്’ മറ്റ് ആക്ടിവിസ്റ്റുകളെ ഒപ്പം ചേർത്തുവെന്നും ഖാലിദിനെതിരെ ആരോപണം ഉണ്ട്. യുഎപിഎ പ്രകാരം ഖാലിദിനെതിരെയുള്ള മറ്റ് കുറ്റങ്ങൾ ഇന്ത്യയിൽ പ്രതിഷേധങ്ങളും കലാപങ്ങളും ഇളക്കിവിടാൻ വിദേശത്ത് നിന്ന് സാമ്പത്തിക സഹായവും ലോജിസ്റ്റിക് സഹായവും തേടി എന്നതാണ്.

എന്നാൽ , കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തനിക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന ഭൗതിക തെളിവുകളൊന്നും ഡൽഹി പോലീസ് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് ഈ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഡിസംബർ 7 ന് ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു. ഫണ്ട് സ്വരൂപിക്കൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന, ഏതെങ്കിലും തീവ്രവാദ പ്രവർത്തനത്തിൽ പങ്കാളിത്തം എന്നിവയിൽ പോലീസ് തനിക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും ഖാലിദ് അവകാശപ്പെട്ടു. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തൻ്റെ പ്രസംഗം മുഴുവനായും പോലീസ് ശ്രദ്ധിച്ചില്ലെന്നും ഖാലിദ് വാദിക്കുന്നു.













