കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി. മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിംഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് നൽകിയ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. പിതാവിൻ്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് പെൺമക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സെപ്തംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഹർജി തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ കോടതി സമയം നൽകിയില്ല. ഈ വിഷയത്തിൽ നിരവധി നിയമപ്രശ്നങ്ങളുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിധി നടപ്പാക്കുന്നത് തടയാൻ സ്‌റ്റേ ആവശ്യപ്പെടാമെന്നും എന്നാൽ അത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും ആശ പറഞ്ഞു.
ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകന്‍ സജീവന്‍ വ്യക്തമാക്കി. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.
നിലവിൽ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സെപ്റ്റംബർ 21 ന് ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം.













