ഇന്നോ നാളെയോ പുറത്തിറക്കാനിരുന്ന ആത്മകഥാ പുസ്തകം ചില സാങ്കേതിക കാര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് പെട്ടെന്ന് പ്രകാശനം നിര്‍ത്തിവെച്ചതായി പ്രസാധകര്‍ പ്രഖ്യാപിച്ചതോടെ ഇ.പി.ജയരാജന്റെ പുസ്തകത്തിലെ ഉള്ളടക്കം വലിയ വിവാദമായി. ഒപ്പം പുസ്തക വില്‍പന കൊഴുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രസാധകര്‍ തന്നെ പുസ്തകത്തിന്റെ കവര്‍ പേജും അകം പേജുകളും പുറത്തുവിട്ടതാണെന്ന സംശയവും ഉയരുന്നു.
താ്ന്‍ എഴുതിയ കാര്യമല്ല പുറത്തു വന്നതെന്നും താനങ്ങനെ എഴുതിയിട്ടില്ലെന്നും പ്രസാധകരായ ഡിസി ബുക്‌സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന്‍ പ്രതികരിച്ചു കഴിഞ്ഞു. അങ്ങിനെയെങ്കില്‍ ആരാണ് ഉള്ളടക്കം തയ്യാറാക്കിയത് എന്നും ഇ.പി. ഇപ്പോള്‍ തന്റെതല്ലെന്ന് വ്യക്തമാക്കിയ ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രസാധകരുടെ ഭാഗത്തു നിന്നുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ആണോ എന്ന കാര്യമാണ് ഇനിയും വ്യക്തമാകാനുള്ളത്. ഇ.പി. പറയുന്നതാണ് ശരിയെങ്കില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്നു വരും. ഇത് സിപിഎം പ്രധാനമായും ഊന്നിപ്പറയുന്ന പോയിന്റായി മാറിയിരിക്കയാണ്. പാലക്കാട്ടെ ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥി സരിന്‍ അവസരവാദിയാണെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പി.വി.അന്‍വരിന്റെ ചേലക്കരയിലെ സാന്നിധ്യം ഇടതുമുന്നണിക്ക് തിരിച്ചടയാകുമെന്നും ഒക്കെ ഇപ്പോള്‍ പുറത്തുവന്ന പേജുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്.

കട്ടന്‍ ചായയും പരിപ്പുവടയും എന്ന തലക്കെട്ടാണ് ഇപ്പോള്‍പുറത്തു വന്ന പുസ്തകക്കവറിലുള്ളത്. ഇ.പി.ജയരാജന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ നടത്തിയ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ പ്രയോഗമാണ് കട്ടന്‍ചായയും പരിപ്പുവടയും. ഈ തലക്കെട്ടല്ല തന്റെ പുസ്തകത്തിന്റെത് എന്നും കവര്‍ പേജിലെ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നതല്ലെന്നും കൂടി ഇ.പി. പറയുന്നുണ്ട്.
ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുന്നതിനു തലേന്നും പിറ്റേന്നുമായി ഈ പുസ്തക വിവാദം പുറത്തു വന്നതിനു പിറകിലും സംശയമുണ്ടെന്ന് ഇതിനകം ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ സൂചന നല്‍കിക്കഴിഞ്ഞു. ജയരാജന്‍ നിഷേധിച്ചതോടെ കാര്യങ്ങള്‍ തെളിഞ്ഞുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. താന്‍ ആര്‍ക്കും പുസ്തകം കരാര്‍ നല്‍കിയിട്ടില്ല എന്ന് ജയരാജന്‍ വ്യക്തമാക്കിക്കഴിഞ്ഞതായും രാമകൃഷ്ണന്‍ പറഞ്ഞു. ഇ.പി.യുടെ വിശദീകരണത്തോടെ ഈ വിവാദം നിര്‍ത്തേണ്ടതാണെന്നും രാമകൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം പ്രസാധകരായ ഡിസി ബുക്‌സ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ആ പ്രതികരണമാകട്ടെ പ്രധാനവുമാണ്.
ഇ.പി.ജയരാജന്‍ ആത്മകഥയെഴുതുന്ന കാര്യം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആത്മകഥയുടെ ഭാഗങ്ങളെന്ന നിലയില്‍ ചില പേജുകള്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതു പോലെ കവര്‍ പേജും പ്രചരിക്കുകയുണ്ടായി. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയതില്‍ തനിക്ക് കടുത്ത പ്രയാസമുണ്ടെന്നും പാര്‍ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഈ പേജുകളില്‍ പറയുന്നുണ്ട്. അതു പോലെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ ലോക്‌സഭാ വോട്ടെടുപ്പു ദിനത്തില്‍ തന്നെ തിരുവനന്തപുരത്തെ വീട്ടില്‍ സന്ദര്‍ശിച്ചത് വലിയ വിവാദമാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടായെന്നും ജയരാജന്‍ വിവരിക്കുന്നതായി ആത്മകഥയുടെതായി പ്രചരിച്ച പേജുകളില്‍ ഉണ്ടായിരുന്നു. ഇതെല്ലാം നിഷേധിച്ചുകൊണ്ട് തന്റെ ആത്മകഥയുടെ ഭാഗമായ പേജുകളല്ല ഇതെന്ന് ഇപ്പോള്‍ ജയരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടൊപ്പം പ്രസാധകരായ ഡി.സി.ബുക്‌സും പരോക്ഷമായി ജയരാജന് അനുകൂലമായി രംഗത്തു വന്നിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പ്രകാശനം മാറ്റിവെച്ചിരിക്കയാണെന്നും ഡിസി ബുക്‌സ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ പ്രചരിക്കുന്ന പേജുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന സൂചനയാണ് പ്രസാധകര്‍ നല്‍കിയിരിക്കുന്നത്.













