കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റിലായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂർ ജില്ലാ വിട്ടുപോകരുത്, രണ്ടു പേരുടെ ആൾ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ.
ജയിലിലായി പതിനൊന്നാം നാളിലാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്.ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വാദം കേട്ട കോടതി ഇന്നത്തേക്ക് വിധിപറയാൻ മാറ്റുകയായിരുന്നു.
ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്ന പ്രതീക്ഷയായിരുന്നു എന്നായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകരുമായി ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും അവർ പറഞ്ഞു. ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി പ്രതികരിച്ചു. ബോധപൂര്‍വ്വമായി എഡിഎമ്മിന്റെ മരണം ആഗ്രഹിച്ചുകൊണ്ട് ദിവ്യ ഒന്നും ചെയ്തിട്ടില്ലെന്നും എത്ര വലിയ കേസുകളിലായാലും പ്രതിക്ക് സ്വാഭാവിക നീതിയുടെ ഭാഗമായി ജാമ്യം കിട്ടുന്നത് സ്വാഭാവികമാണെന്നും ശ്രീമതി അഭിപ്രായപ്പെട്ടു. അതേസമയം ദിവ്യയുടെ പ്രവൃത്തി വേണ്ടാത്തതായിരുന്നു എന്ന തന്റെ മുന്‍ നിലപാട് അതേപടി തുടരുകയാണെന്നും ശ്രീമതി പറഞ്ഞു.














