പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷയോടെ മുന്നേറുന്ന ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെ വട്ടം കറക്കി ബിജെപിയിലെ തന്നെ താരനേതാക്കളായ ശോഭാ സുരേന്ദ്രനും സന്ദീപ് വാരിയരും. ഇരുവരും പാലക്കാട്ട് സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചിരുന്നവരുമായിരുന്നു. എന്നാല്‍ ഇത് ലഭിച്ചില്ല. എന്നാല്‍ അതല്ല, പകരം പാലക്കാട്ടെ തിരഞ്ഞെടുപ്പില്‍ താരപ്രചാരകപദവിയില്‍ തങ്ങളെ പരിഗണിച്ചില്ല എന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
കൃഷ്ണകുമാറിനെതിരെ ഫേസ്ബുക്കില്‍ പരസ്യമായി പ്രതികരിച്ച് സന്ദീപ് വാരിയര്‍ രംഗത്തു വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ തിരിച്ച് സന്ദീപ് വാര്യര്‍ക്ക് വിഷമമുണ്ടായെങ്കില്‍ പരിഹരിക്കുമെന്ന് പ്രതികരിച്ചതോടെ എല്ലാം ഒതുങ്ങുമെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് വീണ്ടും പ്രതികരണവുമായി സന്ദീപ് വാരിയര്‍ രംഗത്തു വന്നതോടെ തെളിഞ്ഞിരിക്കയാണ്.
സമവായമല്ല പരിഹാരമായിരുന്നു തനിക്ക് വേണ്ടിയിരുന്നതെന്നും അതിന്റെ സമയം കഴിഞ്ഞുവെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു .
തനിക്ക് നിരവധി അപമാനങ്ങൾ നേരിടേണ്ടി വന്നുവെന്നും ആത്മാഭിമാനത്തിന് മുറിവേറ്റെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വത്തിനും പാലക്കാട് സ്ഥാനാർത്ഥി സി കൃഷ്‌ണകുമാറിനുമെതിരെ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ടാണ് വാരിയർ ഇങ്ങനെ പറഞ്ഞത്. അദ്ദേഹം വേഗത്തിൽ സമവായത്തിന് ഇല്ലെന്നാണ് സൂചന.
ശോഭാ സുരേന്ദ്രനാകട്ടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തു വന്നതും പരോക്ഷമായി പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രകോപിതയായിട്ടാണ്. സുരേന്ദ്രനെതിരെ ശക്തമായി ആഞ്ഞടിച്ച ശോഭാ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും കെ.സുരേന്ദ്രനെ തെറിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ദേശീയ നേതൃത്വത്തെ സ്വാധീനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ശോഭാ സുരേന്ദ്രനോട് താല്‍പര്യമുള്ള ആളായാണ് അറിയപ്പെടുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ശോഭയ്ക്ക് സുരേഷ് ഗോപിയുടെ പിന്തുണ ലഭിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. സന്ദീപ് വാരിയര്‍ കൂടി സുരേന്ദ്രനെതിരെ ഇടഞ്ഞതോടെ സുരേന്ദ്രനും വാരിയര്‍ക്കെതിരെ സ്വരം കടുപ്പിച്ചിരിക്കയാണ്. വാരിയര്‍ പോയാല്‍ പാര്‍ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ ഇന്ന് പ്രസ്താവിച്ചത് അതു കൊണ്ടാണ്.
അതേസമയം ദേശീയ നേതൃത്വം ഇടപെട്ട് സന്ദീപ് വാരിയരെയും ശോഭയെയും അനുനയിപ്പിച്ച് അവര്‍ക്ക് പ്രാധാന്യം നല്‍കുന്ന വിധം തീരുമാനമെടുക്കുന്നതില്‍ കെ.സുരേന്ദ്രന്‍ പക്ഷത്ത് ആശങ്കയുണ്ട്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ തടയാന്‍ സുരേന്ദ്രന്‍ പക്ഷം കരുക്കള്‍ നീക്കുന്നുണ്ട്.
പാര്‍ടി വിരുദ്ധ പ്രവര്‍ത്തനമാണ് സന്ദീപ് വാരിയര്‍ ഉള്‍പ്പെടെ നടത്തുന്നതെന്ന ആരോപണം ഉയര്‍ത്തിയാണ് സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിനു മുന്നില്‍ എത്തിയിരിക്കുന്നത്. ദേശീയ നേതാക്കളുടെ പിന്തുണ തന്റെ നീക്കങ്ങള്‍ക്ക് ലഭിക്കാനായിട്ടാണ് ഇതെന്നാണ് മറുപക്ഷം കരുതുന്നത്.
“പ്രതികരിക്കാൻ കുറേ ദിവസങ്ങളായി സമ്മർദമുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ മൗനം പാലിച്ചു. എന്നാൽ, ആ മൗനത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് എനിക്ക് തോന്നി. അസത്യമായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. എന്റെ അമ്മ അഞ്ചാറ് വർഷം കിടപ്പിലായിരുന്നു. ആ സമയത്ത് സംഘത്തിന്റെ കാര്യാലയം നിർമിക്കാനായി അമ്മ സ്ഥലം നൽകാൻ തയാറായി. എന്നിട്ടും സി കൃഷ്‌ണകുമാർ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കൾ ഇവിടെ വന്നില്ല. പാർട്ടിയുടേതായി ഒരു റീത്ത് പോലും വച്ചില്ല. എന്നെ സംസ്ഥാന പ്രസിഡന്റ് വിളിച്ചിരുന്നു. പ്രചാരണത്തിന് ഇറങ്ങണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അഞ്ചോ ആറോ ദിവസമായി. പ്രചാരണത്തിന് വരണമെന്നതിനപ്പുറം ഏതെങ്കിലും ക്രിയാത്മകമായ നടപടി ഉണ്ടായില്ല. കൃഷ്‌ണകുമാറിനേക്കാൾ പ്രായം കുറഞ്ഞയാൾ എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ സാമീപ്യം ആഗ്രഹിച്ച നിമിഷങ്ങൾ ജീവിതത്തിലുണ്ടായിരുന്നു. ഇനി ഓടിയെത്തണമെന്നില്ല. അപമാനിതനായതിനാൽ പാലക്കാട്ടെ പ്രചാരണത്തിന് ഇറങ്ങില്ല. സി കൃഷ്‌ണകുമാർ സ്ഥിരം സ്ഥാനാർത്ഥിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തെ ഒഴിവാക്കലുകൾ ഉൾപ്പെടെ നിരവധി പരിപാടികളിൽ നിന്നെന്നെ മാറ്റിനിർത്തി. പ്രധാനമന്ത്രിയോ മറ്റ് കേന്ദ്രമന്ത്രിമാരോ വരുന്ന പരിപാടികൾ എന്നെ അറിയിച്ചില്ല. അഖിലേന്ത്യാ പ്രസിഡന്റ് വന്ന പരിപാടിയും എന്നെ അറിയിച്ചില്ല. ജില്ലയുടെ പ്രധാനപ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പിൽ പോലും ഇടംനൽകിയില്ല. ഞാൻ നേരിട്ട വിഷമം പാർട്ടിയിലെ മുതിർന്ന ആളുകളെ അറിയിച്ചിരുന്നു. അവർ വന്ന് എന്നെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ വരുന്നത്. ആശ്വാസവാക്കല്ല, പ്രവർത്തിക്കണം എന്ന് മാത്രമാണ് അവർ എന്നോട് പറയുന്നത്.”- സന്ദീപ് വാരിയര്‍ പറഞ്ഞു.













