ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഇനിയും ആക്രമണം വരുമെന്നും നമ്മൾ ഒഴിയുന്നതാണ് നല്ലതെന്നും വാട്സാപ് ചർച്ചയിൽ പറഞ്ഞു കൊണ്ടാണ് മോഹൻലാൽ “അമ്മ”യിലെ കൂട്ട രാജിക്ക് ഒരുങ്ങിയ ഓൺ ലൈൻ യോഗത്തിൽ വിശദീകരിച്ചത് എന്ന് വിവരം. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത് വാട്സാപ്പ് ഗ്രൂപ്പിലാണെന്നാണ് വിവരം. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമാണ് മോഹൻലാൽ വാട്സാപ്പിൽ അംഗങ്ങളുമായി സംസാരിച്ചത്. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നുവത്രേ മോഹൻലാലിന്റെ മറുപടി.
നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് കമ്മിറ്റി ആയി പ്രവർത്തിക്കും എന്നും തീരുമാനിച്ചു . അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. രണ്ടു മാസത്തിനു ശേഷമാകും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.













