• Home
  • kerala
  • ശ്രീലേഖ മിത്ര എന്ന സിപിഎം സഹയാത്രികയുടെ ധീരത

ശ്രീലേഖ മിത്ര എന്ന സിപിഎം സഹയാത്രികയുടെ ധീരത

ബംഗാളിലെ സീനിയര്‍ നടിമാരിലൊരാളും സിപിഎമ്മിന്റെ ശക്തയായ സഹയാത്രികയുമായ ശ്രീലേഖ മിത്രയുടെ ധീരമായ നിലപാടാണ് കേരളത്തില്‍ ഇപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന്റെ രാജിയിലേക്ക് നയിച്ചത്. പ്രമുഖന്‍ പ്രമുഖന്‍ എന്നു മാത്രം വാര്‍ത്താമാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ഈ സംഭവത്തില്‍’ നിങ്ങള്‍ പേരു പറയണം’ എന്നാവശ്യപ്പെട്ട് രഞ്ജിത്താണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് എന്ന് തുറന്നു പറയാന്‍ ശ്രീലേഖയ്ക്ക് ധൈര്യം നല്‍കിയത് അവരുടെ രാഷ്ട്രീയ ബോധം തന്നെയാണെന്നത് വ്യക്തമാണ്. സിപിഎമ്മിന്റെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രമുഖമായ രഞ്ജിത്തിനെതിരായ തുറന്നു പറച്ചില്‍ ഉണ്ടാക്കാവുന്ന കോളിളക്കത്തെക്കുറിച്ച് ശ്രീലേഖ ബോധവതിയായിരുന്നു എന്നാണ് അവരുടെ ആത്മവിശ്വാസത്തില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ, 2009-ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ എന്ന സിനിമയുടെ ഓഡിഷനിൽ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയ കാര്യം നടി പറയുകയായിരുന്നു.

ബംഗാള്‍ സിപിഎമ്മിലെ ഏറ്റവും പ്രശസ്തയായ സഹയാത്രികയാണ് ശ്രീലേഖ മിത്ര. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷയായ യുവ സ്ഥാനാര്‍ഥി ദീപ്‌സിത ധര്‍-ന്റെയും നസിറുദ്ദീന്‍ ഷായുടെ മരുമകള്‍ സായിറ ഷാ ഹലിമിന്റെയും തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വലിയ ആകര്‍ഷണമായിരുന്നു ശ്രീലേഖ മിത്രയുടെ സാന്നിധ്യവും പ്രസംഗവും.

കൊല്‍ക്കത്തയില്‍ ജനിച്ച ശ്രീലേഖ മിത്ര കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് സാഹത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം താജ് ഹോട്ടലില്‍ ജോലി ചെയ്യവേയാണ് ബംഗാളി ടിവി സീരിയലായ ബാലികാര്‍ പ്രേം-ലെ പുതുമുഖ നായികയായി വരുന്നത്. തുടര്‍ന്ന് ചാനല്‍-8ല്‍ സംപ്രേഷണം ചെയ്യുന്ന നിരവധി പരിപാടികളില്‍ അവതാരികയായി. തുടര്‍ന്ന് രണ്ട് ഒഡിയ ഫീച്ചര്‍ സിനിമകളില്‍ അഭിനയിച്ചു. നിരവധി ബംഗാളി സിനിമകളിലും അവര്‍ വേഷമിട്ടു.

2011-ല്‍ സുമന്‍ മുഖോപാധ്യായയുടെ മഹാനഗര്‍ അറ്റ് കൊല്‍ക്കത്ത എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ബിഗ് ബംഗ്ലാ മൂവി അവാര്‍ഡ് ലഭിച്ചു. പിന്നീട് ഫിലിം ഫെയര്‍ അവാര്‍ഡിനും അര്‍ഹയായി. 2016-ല്‍ ബോളിവുഡിലും അവര്‍ അരങ്ങേറ്റം കുറിച്ചു. 2022 ലെ കൊളാജ് ബെംഗളൂരു ബംഗാളി ഫിലിം ഫെസ്റ്റിവലിൽ അവരുടെ സംവിധാന സംരംഭമായ എബോംഗ് ചാഡ് മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് നേടി. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായിക അവാർഡ് അവർക്ക് ലഭിച്ചു.

ഇത്രയും കരിയര്‍ പശ്ചാത്തലമുള്ള നടിയെയാണ് താന്‍ സിനിമയുടെ ഓഡീഷനു വേണ്ടിയാണ് വിളിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞത്. ഓഡീഷനില്‍ യോഗ്യത കാണാത്തതിനാല്‍ പറഞ്ഞയച്ചുവെന്നും രഞ്ജിത്ത് പറയുന്നത്. സീനിയറായ നടിയെ ലൈംഗികസ്വഭാവമുള്ള സമീപനത്തിലൂടെ അപമാനിച്ചുവെന്ന കാര്യം നടി തന്നെ തുറന്നു പറഞ്ഞിട്ടും മുഖ്യധാരയില്‍ ഇത് അടുത്ത കാലം വരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമാണ് ശ്രീലേഖയുടെ അനുഭവം മുഖ്യധാരാമാധ്യമങ്ങള്‍ തന്നെയും ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇത് രഞ്ജിത്തിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *