നടനും എംഎൽഎയുമായ മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് . 2018ൽ ഉന്നയിച്ച ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ വീണ്ടും സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. മുൻപ് ഒരു ചാനലിലെ പ്രശസ്‌തമായ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് അന്ന് 20 വയസ് മാത്രമുണ്ടായിരുന്ന ടെസിനോട് മുകേഷ് മോശമായി പെരുമാറിയത് എന്നതായിരുന്നു 2018ൽ ടെസ് ഉന്നയിച്ച മി ടൂ ആരോപണം. പരിപാടിയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് തനിക്കെതിരെ മോശമായി പെരുമാറുകയും വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂം തന്റെ റൂമിന് സമീപത്തേക്ക് മാറ്റുകയും ചെയ്‌തു എന്നാണ് ടെസ് ജോസഫ് പറയുന്നത്. പിന്നീട് അന്ന് തന്റെ ബോസ് ആയ ഡെറെക് ഒ ബ്രയാൻ ഇടപെട്ടാണ് തിരികെ പോകാൻ സാധിച്ചതെന്നാണ് ടെസ് ജോസഫ് പറഞ്ഞത്. ഡെറെക് ഒ ബ്രയാൻ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് നേതാവാണ് ഇപ്പോൾ.
നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇപ്പോൾ ടെസ് ജോസഫ് പറയുന്നു. “നിയമം അധികാരമുള്ളവർക്ക് മാത്രമാണ്. ഇപ്പോൾ പല കാര്യത്തിലും തനിക്ക് വെളിച്ചം കാണാനാകുന്നുണ്ട്. അതിനാൽ കൂടുതൽ തെളിമയിലേക്ക് നീങ്ങാം.” ടെസ് എഴുതുന്നു.
സിപിഎം എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ- മുകേഷ്
തനിക്കെതിരെയുള്ള യുവതിയുടെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നു നടൻ മുകേഷ് പ്രതികരിച്ചു . ആരോപണം ഉന്നയിച്ച യുവതിയെ അറിയില്ല . ആരോപണത്തിനു പിന്നിൽ ആരാണെന്ന് അറിയില്ല. സിപിഎമ്മിന്റെ എംഎൽഎ ആകുമ്പോൾ എന്തുവേണമെങ്കിലും പറയാമല്ലോ എന്ന രീതിയാണ്. എനിക്ക് ഒന്നും പറയാനില്ല. യുവതിയെ കണ്ടിട്ടില്ല. 2018ൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞു, എനിക്ക് ഓർമയില്ലെന്ന്. മുൻപു നടന്ന കാര്യം ഇപ്പോൾ കൊണ്ടുവരുന്നതു ബാലിശമാണ്’’– മുകേഷ് പറഞ്ഞു.













