• Home
  • kerala
  • ഹേമ കമ്മിറ്റി ഉരുള്‍പൊട്ടല്‍: താരസംഘടനാ ജന.സെക്രട്ടറി പീഡിപ്പിച്ചതായി യുവനടിയുടെ തുറന്നു പറച്ചില്‍

ഹേമ കമ്മിറ്റി ഉരുള്‍പൊട്ടല്‍: താരസംഘടനാ ജന.സെക്രട്ടറി പീഡിപ്പിച്ചതായി യുവനടിയുടെ തുറന്നു പറച്ചില്‍

2016-ല്‍ നടന്‍ സിദ്ദിഖ് തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതായി യുവനടി രേവതി സമ്പത്ത് തുറന്നു പറഞ്ഞ് രംഗത്തു വന്നതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ആഘാതമായുള്ള ഉരുള്‍പൊട്ടല്‍ ശക്തമായി. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ് സിദ്ദിഖ് എന്നത് ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നു. അമ്മയുടെ നിലപാടിനെതിരെ സംഘടനയുടെ വൈസ് പ്രസിഡണ്ടായ നടന്‍ ജഗദീഷ് ഇന്നലെയും എക്‌സ്‌ക്യൂട്ടീവ് അംഗമായ നടി ഉര്‍വ്വശി ഇന്നും ശക്തമായ വിയോജിപ്പുകളുമായി രംഗത്തു വന്നതോടെ രംഗം കൂടുതല്‍ വഷളായിരിക്കയാണ്.

നടിയും മോഡലുമായ രേവതി സമ്പത്ത് 2019ല്‍ നടത്തിയ “മീ-റ്റൂ” തുറന്നു പറച്ചിൽ ഇപ്പോൾ വീണ്ടും വരികയാണ്. തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് രേവതി പറയുന്നു. ഫേസ്ബുക് വഴി ആശയവിനിമയം നടത്തുകയായിരുന്നു. സിദ്ദിഖിന്റെ ‘സുഖമറിയാതെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്.

അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ തയ്യാറാണോയെന്ന് സിദ്ദിഖ് നേരിട്ട് ചോദിച്ചു. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു, സിദ്ദിഖ് തന്റെ ആവശ്യങ്ങള്‍ വ്യക്തമായി പറഞ്ഞു. നീണ്ട നഖങ്ങളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന ലൈംഗിക സങ്കല്‍പ്പമായിരുന്നു വിവരിച്ചത്. അതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോള്‍, ഇക്കാര്യം ഇനി പുറത്തുപറഞ്ഞാലും തനിക്ക് പ്രശ്‌നമില്ലെന്നു സിദ്ദിഖ് പറഞ്ഞതായി രേവതി പറയുന്നു.

“എനിക്ക് മാത്രമല്ല എന്റെ പല സുഹൃത്തുക്കള്‍ക്കും അയാളില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. 2019-ല്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഞാന്‍ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയില്‍നിന്നുതന്നെ മാറ്റിനിര്‍ത്തി. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടാണ് സധൈര്യം തുറന്ന് പറയുന്നത്”- രേവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *