സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പവർഗ്രൂപ്പിനെ കുറിച്ച് തനിക്കറിയില്ലെന്നും അങ്ങനെ ഒരു പവർഗ്രൂപ്പൊന്നും സിനിമയിൽ വരാൻ സാദ്ധ്യതയില്ലെന്നും നടൻ കൂടിയായ മുകേഷ് എംഎൽഎ. എത്രയായിട്ടും പവർഗ്രൂപ്പ് എന്താണെന്ന് മനസിലാകുന്നില്ലെന്നും മുകേഷ് കൊല്ലത്ത് പ്രതികരിച്ചു. രഞ്ജിത്തിനെ സംബന്ധിക്കുന്ന കാര്യങ്ങൾ അന്വേഷിക്കട്ടെ. അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഞാൻ പിന്നെ എങ്ങനെ മുഖത്ത് നോക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നവർ കേസ് ഇല്ലെന്ന് പറയുകയാണെങ്കിൽ എന്താവും സ്ഥിതിയെന്നും മുകേഷ് ചോദിച്ചു.
പവർ ഗ്രൂപ്പ് ഉണ്ട്, താനും വിലക്ക് നേരിട്ടു – ശ്വേത മേനോൻ
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നും തനിക്കും അനധികൃത വിലക്ക് ഉണ്ടായിട്ടുണ്ടെന്നും നടി ശ്വേത മേനോൻ . ഇതുമൂലം കരാർ ഒപ്പിട്ട ഒൻപത് സിനിമകൾ നഷ്ടമായതായും താരം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

“റിപ്പോർട്ട് വന്നതിൽ വളരെ സന്തോഷമുണ്ട്. കുറച്ച് ലേറ്റ് ആയെന്നാണ് ഞാൻ പറയുന്നത്. സ്ത്രീകൾക്ക് അതിന്റേതായ പ്രശ്നങ്ങളുണ്ടെന്ന് കുറേ വർഷങ്ങളായി ഞാൻ പറയുന്ന കാര്യമാണ്. ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നിൽക്കാൻ പോണില്ല. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- ശ്വേത പറഞ്ഞു.














