സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.
നിര്‍ബന്ധപൂര്‍വ്വം, അതായത് സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ വിഹിതം കുറച്ചു മാത്രം ശമ്പളം നല്‍കുമെന്ന രീതിയില്‍ ചില സര്‍ക്കാര്‍ വകുപ്പുകള്‍ കുറിപ്പ് പുറത്തിറക്കിയത് വന്‍ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം പുറത്തിറങ്ങിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാത്ത സർക്കാർ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അപേക്ഷ നിരസിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് അഡിഷണൽ സെക്രട്ടറി അറിയിപ്പ് പുറപ്പെടുവിച്ചത്.













