ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ചു നടത്തുമെന്നു പ്രഖ്യാപിച്ച സിനിമാ കോൺക്ലേവുമായി ബന്ധപ്പെട്ട് നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശത്തിന് മറുപടിയുമായി മന്ത്രിമാരായ എം.ബി. രാജേഷും സജി ചെറിയാനും. സിനിമാ കോൺക്ലേവിന്റെ വിശദാംശങ്ങൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ഇരകളും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന വ്യാഖ്യാനം എങ്ങനെ ഉണ്ടായെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പാർവതി തിരുവോത്ത് ഇന്നലെ മാധ്യമങ്ങളോട് ചോദിച്ചിരുന്നു. ഇതിനാണ് പാർവതിയുടെ പേര് പരാമർശിക്കാതെ മന്ത്രിയുടെ മറുപടി. കോൺക്ലേവിന്റെ വിശദാംശങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല, പിന്നെങ്ങനെയാണ് ഇരകളും വേട്ടക്കാരും ഒന്നിച്ചാണിരിക്കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുന്നതെന്ന് എം.ബി . രാജേഷ് ചോദിച്ചു.
ഇപ്പോൾ ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയം പ്രവർത്തിച്ചു തുടങ്ങിയെന്നും നയം ആവിഷ്‌കരിക്കുന്നതിന് അതുമായി ബന്ധപ്പെട്ടവർ ഉൾപ്പെട്ട കോൺക്ലേവ് എന്നേ പറഞ്ഞിട്ടുള്ളൂ എന്നും അതിൽ വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കും എന്നതൊക്കെ തെറ്റായ വ്യാഖ്യാനങ്ങളാണെന്നും രാജേഷ് പറഞ്ഞു.
കോൺക്ലേവിൽ ചർച്ച ചെയ്യുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് മാത്രമല്ലെന്നും കോൺക്ളേവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മാദ്ധ്യമങ്ങളോട് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമാ മേഖലയിലെ ഭാവി നയം രൂപീകരിക്കാനുള്ള ദേശീയ കോൺക്ളേവ് ആണ് നടത്തുന്നത്. വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. കോൺക്ളേവുമായി സർക്കാർ മുന്നോട്ടുതന്നെ പോകും. – മന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കല്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി വന്ന സാഹചര്യത്തില്‍ ഇനി ഇതേപ്പറ്റി ഒരഭിപ്രായവും പറയാന്‍ തയ്യാറല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.














