കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും മറ്റ് നാല് പേരെയും നുണപരിശോധനക്കു വിധേയരാക്കാൻ സി.ബി.ഐ കൊൽക്കത്ത കോടതിയോട് അനുമതി തേടി. ഘോഷിൻ്റെ പ്രതികരണങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് സിബിഐ പറയുന്നു. അതിനാൽ പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൗര വളണ്ടിയർ സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താൻ സിബിഐ കോടതിയുടെ അനുമതി നേടിയിട്ടുണ്ട്.
ഡോക്ടറുടെ മൃതദേഹം കാണാന്‍ അവരുടെ മാതാപിതാക്കളെ മൂന്നു മണിക്കൂറോളം അനുവദിക്കാതിരുന്ന പ്രിന്‍സിപ്പലിന്റെ നടപടിയും മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളിനോട് ചേര്‍ന്നുള്ള മുറികള്‍ തിടുക്കത്തില്‍ നവീകരിക്കാനായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ പ്രിന്‍സിപ്പല്‍ നീക്കം നടത്തിയതും സംശയാസ്പദമാണെന്ന് സബിഐ പറയുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഡൽഹി എയിംസ് ഡോക്ടർമാർ 11 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു. ആർജി കർ സംഭവത്തിൽ സ്വമേധയാ നടപടി സ്വീകരിച്ച സുപ്രീം കോടതി രാജ്യത്തെ മെഡിക്കൽസമൂഹത്തോട് ഡ്യൂട്ടിയിലേക്ക് മടങ്ങാൻ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ജോലി പുനരാരംഭിക്കാനുള്ള തീരുമാനം. “ആർജി കർ സംഭവത്തെ മനസ്സിലാക്കുന്നതിനും രാജ്യത്തുടനീളമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുടെ വിശാലമായ പ്രശ്‌നം പരിഹരിക്കുന്നതിനും സുപ്രീം കോടതിയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.” – ഡോക്‌ടേഴ്‌സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.














