സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി പാര്‍വതി തിരുവോത്ത് പ്രതികരിച്ചു. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണെന്നു പാര്‍വതി ചോദിച്ചു. പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു.
ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത് പോരാടിക്കൊണ്ടിരിക്കുന്ന നടിയാണ് പാര്‍വ്വതി. നടി ആക്രമിക്കപ്പെട്ടതിനു ശേഷം രൂപം കൊണ്ട ഐ.സി.സി. എന്ന സംഘടനയുടെ നട്ടെല്ലുമാണ് ഈ നടി.
ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. – പാർവതി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള വീഡിയോ അഭിമുഖത്തിലാണ് പാർവതി ശക്തമായ വിമർശനം ഉന്നയിച്ചത്.

ഇപ്പോള്‍ തന്നെ നമ്മള്‍ നാലര വര്‍ഷം ലേറ്റാണ്. നാലര വര്‍ഷത്തിനിടയില്‍ എത്രയോ പേരെ ഈ മേഖലയില്‍ മാറ്റിനിര്‍ത്തുകയും അവസരങ്ങള്‍ ഇല്ലാതാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടും. സമൂഹമധ്യത്തിൽ അപമാനിക്കപ്പെടും. സിനിമയിൽ നിന്ന് ഒഴിവാക്കും. തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് അഭിമുഖത്തിൽ പറഞ്ഞു.













