• Home
  • kerala
  • “അതിക്രമം നടത്തിയ വ്യക്തിയുടെ ഭാര്യയായി പിറ്റേന്ന് സെറ്റില്‍ അഭിനയിക്കേണ്ടി വന്നു “

“അതിക്രമം നടത്തിയ വ്യക്തിയുടെ ഭാര്യയായി പിറ്റേന്ന് സെറ്റില്‍ അഭിനയിക്കേണ്ടി വന്നു “

അതിക്രമം നടത്തിയ വ്യക്തിയുടെ ഭാര്യയായി പിറ്റേന്ന് സെറ്റില്‍ അഭിനയിക്കേണ്ടി വന്നുവെന്നും സംവിധായകന്‍ തന്റെ ഭാഗം 17 തവണ റീ-ടേക്ക് എടുപ്പിച്ച് ബുദ്ധിമുട്ടിച്ചുവെന്നും ഒരു നടി പറയുന്നതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. വെറും 51 പേര്‍ മാത്രം നല്‍കിയ മൊഴി കൊണ്ടു തന്നെ മലയാള സിനിമ സ്ത്രീകളുടെ പീഢനകേന്ദ്രമായി മാറുന്നുവെന്ന സത്യത്തിലേക്കാണ് ഈ റിപ്പോര്‍ട്ട് മിഴി തുറക്കുന്നത്.

പരാതി പറഞ്ഞ നടിമാർക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. വസ്ത്രം മാറാനുള്ള മുറിയില്ല. പ്രാഥമിക ആവശ്യം പോലും നിറവേറ്റാനുള്ള സൗകര്യം പോലും സിനിമ സെറ്റുകളിൽ ഉണ്ടാകാറില്ല. തുണിമറ കെട്ടിയാണ് മൂത്രം ഒഴിക്കേണ്ട സാഹചര്യം പോലും ഉണ്ടായത് എന്നും ഒരു നടി പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്. മൂത്രം ഒഴിക്കാൻ പറ്റില്ല എന്നതിനാൽ വെള്ളം കുടിക്കാതെ സെറ്റിൽ ഇരിക്കേണ്ടി വരാറുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ സംഭവങ്ങള്‍ പലരിലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെന്നും ഹേമ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒരു നടിക്ക് പോലും ലഭ്യമല്ല. വീട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നവർക്ക് പ്രത്യേക കോഡ് നിലവിലുണ്ട്. ഇവർക്ക് മാത്രമാണ് പരിഗണന കിട്ടുക. കോ-ഓപ്പറേറ്റിങ് ആര്‍ടിസ്റ്റുകള്‍ എന്നാണ് ഇവരെ വിളിക്കുന്നത്.- റിപ്പോർട്ട് പറയുന്നു.

ഐ.സി.സി. എന്ന പരാതി പരിഹാര സമിതി വെറും നോക്കുകുത്തിയാണ്. ഐസിസിയെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയുണ്ടായി. പരാതിപ്പെട്ടാല്‍ സിനിമയില്‍ നിന്നും പുറത്താകും. പ്രതികാരനടപടിക്കെതിരെ നിലപാടെടുത്ത പ്രമുഖ നടനെതിരെ ഒറ്റപ്പെടുത്തല്‍ നടപടിയുണ്ടായി. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്‍മാരുമുണ്ട്.
സിനിമയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണ്. ക്രമിനിലുകളാണ് സിനിമയില്‍ പല കാര്യങ്ങളും നിയന്ത്രിക്കുന്നത്. നടിമാര്‍ ഭയത്തോടെയാണ് പലപ്പോഴും ജോലി ചെയ്യുന്നത്.-റിപ്പോര്‍ട്ടില്‍ പറയുന്നു. സീരിയല്‍ നടീനടന്‍മാരുടെ സംഘടനയായ ആത്മക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

259 പേജുള്ള പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേരുകളും ഐഡന്റിറ്റിയും മറച്ചു വെക്കേണ്ടി വന്നപ്പോള്‍ പീഡകര്‍ക്കും കുറ്റം ചെയ്തവര്‍ക്കും അതിന്റെ ഫലം ലഭിച്ചു- അവരുടെ പേരുകളും വെളിപ്പെടുത്താന്‍ റിപ്പോര്‍ട്ടില്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *