• Home
  • kerala
  • കെ.കെ.ലതിക സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ല- കെ.കെ.ശൈലജ

കെ.കെ.ലതിക സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ല- കെ.കെ.ശൈലജ

വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് മുന്‍ എം.എല്‍.എ.യും സിപിഎം നേതാവുമായ കെ.കെ.ലതിക ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ. ‘തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തില്‍ പലതരം പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇത് ആളുകള്‍ അറിയട്ടെ എന്ന് കരുതിയാവാം ഷെയര്‍ ചെയ്യുന്നത്. ഇതു തന്നെയാണ് ലതിക പ്രതികരിച്ചിട്ടുള്ളത്. ജനങ്ങള്‍ അത്തരം കാര്യങ്ങള്‍ അറിയേണ്ടതല്ലേ എന്നാണ് ലതിക പറഞ്ഞത്. സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കിയവര്‍ ആരായാലും ശിക്ഷിക്കപ്പെടണം.’- ശൈലജ പ്രതികരിച്ചു.


സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരില്‍ ലതിക മാത്രമല്ല, ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് റിബേഷ് രാമകൃഷ്ണനും ഉള്‍പ്പെടുന്നതായി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വടകര ആറങ്ങോട്ട് എല്‍.പി.സ്‌കൂള്‍ അധ്യാപകന്‍ കൂടിയാണ് റിബേഷ്.
എം.എസ്.എഫ്. ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. തിരഞ്ഞെടുപ്പിന് തലേന്ന് ഉച്ചയ്ക്ക് 2.13 നാണ് റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റ് ചെയ്തത് അഡ്മിന്‍ ആയ റിബേഷ് രാമകൃഷ്ണനും. അത് എവിടെ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കയാണിപ്പോള്‍.

ഉച്ചയ്ക്ക് തന്നെ റെഡ്ബറ്റാലിയന്‍ എന്ന വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് ഈ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചെയ്തത് ആ ഗ്രൂപ്പിന്റെ അഡ്മിന്‍ അമല്‍റാം ആണ്. അന്നു തന്നെ മൂന്നുമണിക്ക് അമ്പാടി മുക്ക് സഖാക്കള്‍ എന്ന എഫ്.ബി.പേജിലും രാത്രിയില്‍ പോരാളി ഷാജി എന്ന എഫ്.ബി.പേജിലും ഈ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. കെ.കെ.ലതികയും ഈ സ്‌ക്രീന്‍ഷോട്ട് തന്റെ എഫ്.ബി.പേജില്‍ ഷെയര്‍ ചെയ്യുകയും “എന്തൊരു വര്‍ഗീയതയാണെടോ ഇത്, തിരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടേ, അത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്” എന്ന് അടിക്കുറിപ്പ് ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ പോസ്റ്റ് പിന്നീട് ലതിക ഡിലീറ്റ് ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *