• Home
  • latest news
  • കൊൽക്കത്ത ബലാത്സംഗ-കൊലപാതകം: “ഞാനും പിതാവാണ്”… രാജി വെച്ച് പ്രിൻസിപ്പാൾ

കൊൽക്കത്ത ബലാത്സംഗ-കൊലപാതകം: “ഞാനും പിതാവാണ്”… രാജി വെച്ച് പ്രിൻസിപ്പാൾ

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സന്ദീപ് ഘോഷ് തിങ്കളാഴ്ച രാവിലെ സ്ഥാനം രാജിവച്ചു. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇര തൻ്റെ മകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാവെന്ന നിലയിൽ താൻ രാജിവെക്കുന്നതായി തായി അദ്ദേഹം പറഞ്ഞു. “എന്നെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുകയാണ്. മരിച്ച ഡോക്ടർ എൻ്റെ മകളെപ്പോലെയായിരുന്നു. ഒരു രക്ഷിതാവെന്ന നിലയിൽ ഞാൻ രാജിവെക്കുന്നു. ഭാവിയിൽ ആർക്കും ഇത് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.”– അദ്ദേഹം വാർത്താ ഏജൻസിയെ അറിയിച്ചു.

അതേസമയം, കൊൽക്കത്ത പോലീസ് മൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ഹൗസ് കീപ്പിംഗ് സ്റ്റാഫിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ യുവതി കൊല്ലപ്പെട്ട രാത്രിയിൽ ഇവർ ഡ്യൂട്ടിയിലായിരുന്നു. മെഡിസിൻ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുടെ അർദ്ധനഗ്നമായ മൃതദേഹം ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുകയായിരുന്നു . രണ്ട് സഹപ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ ഹാളിലേക്ക് പോയതായിരുന്നു ഡോക്ടർ.

ബലാത്സംഗവും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ആശുപത്രിയുമായി ബന്ധമില്ലാത്ത, എന്നാൽ സ്ഥിരം സന്ദർശകനായ ഒരാളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റം ചെയ്തതിന് ശേഷം ഇയാൾ വീട്ടിൽ പോയി ഉറങ്ങുകയായിരുന്നു. ഇയാളുടെ ചെരുപ്പിൽ രക്തം പുരണ്ടിരുന്നതായി പോലീസ് കണ്ടെത്തി.

വിദ്യാർഥിനിയുടെ മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ പ്രചാരണം. മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നും സംഭവം മുടിവയ്ക്കാൻ ശ്രമം നടക്കുന്നതായും പിതാവ് ആരോപിച്ചിരുന്നു. മെഡിക്കൽ വിദ്യാർഥികളും അന്വേഷണമാവശ്യപ്പെട്ടു രംഗത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം സ്ഥിരീകരിച്ചു. ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

പുലർച്ചെ മൂന്നിനും ആറിനുമിടയിലാണു സംഭവം നടന്നതെന്നു കരുതുന്നു. 2 മണിക്കു ജൂനിയർ വിദ്യാർഥികൾക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചെത്തിയ പെൺകുട്ടി സെമിനാർ ഹാളിലേക്ക് പോയി. അതിനുശേഷം രാവിലെ മരിച്ച നിലയിലാണു കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിക്കിടെ വിശ്രമിക്കുന്നതിനു പ്രത്യേക മുറി ഇല്ലാത്തതിനാൽ ഡോക്ടർമാർ സെമിനാർ ഹാൾ ഉപയോഗിക്കുന്നതു പതിവായിരുന്നു.

പ്രതികളെ വെറുതേ വിടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പെൺകുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ അറിയിച്ചു. ഞാൻ വധശിക്ഷയ്ക്ക് എതിരാണ്. പക്ഷേ ആവശ്യമെങ്കിൽ പ്രതികൾക്ക് വധശിക്ഷ നൽകണം- മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബിജെപിയുടെ വന്‍ പ്രതിഷേധത്തിന് മമത ബാനര്‍ജി വിധേയയായിരിക്കയാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കയാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *