മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസത്തിന് കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്നും നാശനഷ്‌ടങ്ങളെ സംബന്ധിച്ച് കേരളം വിശദമായ മെമ്മോറാണ്ടം സമർപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശം. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എത്ര വീടുകൾ തകർന്നു, എത്ര പേരെ ദുരന്തം ബാധിച്ചു എന്നൊക്കെ മെമ്മോറാണ്ടത്തിൽ വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മെമ്മോറാണ്ടം ലഭിക്കുന്നതിനമനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തന്റെ സന്ദർശനത്തിന് ശേഷം വയനാട് കളക്ടറേറ്റിൽ അരമണിക്കൂറോളം നീണ്ട അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി അവിടെ നിന്നും ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് തിരിച്ചു. ആദ്യം ദുരന്ത പ്രദേശത്ത് ആകാശനിരീക്ഷണം നടത്തിയ ശേഷമാണ് കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലേക്ക് പുറപ്പെട്ടത് . ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിതല ഉപസമിതി, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി വെള്ളാർമല സ്‌കൂളിലേക്കായിരുന്നു ആദ്യ സന്ദർശനം നടത്തിയത് . പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണം എന്നായിരുന്നു. സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ മോദി ദുരിതബാധിതരായ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റ് വിവരങ്ങളും ചീഫ് സെക്രട്ടറി ഡോ.വി വേണു വിശദീകരിച്ചു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങൾ, അവരുടെ ഭാവി, അനാഥരായ കുട്ടികൾ, എത്ര കുട്ടികൾ മരണപ്പെട്ടു, എത്ര കുട്ടികൾ രക്ഷപ്പെട്ടു എന്നീ വിവരങ്ങളും മോദി ചോദിച്ചറിഞ്ഞു. സ‌്കൂൾ പരിസരത്തെ തകർന്ന വീടുകളും കണ്ടു.
എഡിജിപി എംആർ അജിത് കുമാർ രക്ഷാപ്രവർത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു. അരമണിക്കൂറോളം ചൂരൽമലയിലെ ദുരന്തമേഖല സന്ദർശിച്ചതിനുശേഷം പ്രധാനമന്ത്രി ബെയ്‌ലി പാലത്തിൽ കയറി. പാലത്തിലൂടെ നടന്ന് രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പാലത്തിന്റെ മറുകരയിലുള്ള ഉദ്യോഗസ്ഥരെയും കണ്ടു. 50 മിനിട്ടോളം ചൂരൽമലയിൽ ചെലവഴിച്ച പ്രധാനമന്ത്രി മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂൾ ക്യാമ്പിലെത്തി ദുരന്തബാധിതരെ നേരിട്ട് കണ്ടു.













