• Home
  • kerala
  • തരൂരിന്റെ സഹായി അരക്കിലോ കള്ളക്കടത്തു സ്വര്‍ണമാലയുമായി പിടിയില്‍…സ്വര്‍ണമെത്തിച്ച യുപി സ്വദേശിയും പിടിയിലായി

തരൂരിന്റെ സഹായി അരക്കിലോ കള്ളക്കടത്തു സ്വര്‍ണമാലയുമായി പിടിയില്‍…സ്വര്‍ണമെത്തിച്ച യുപി സ്വദേശിയും പിടിയിലായി

ബാങ്കോക്കില്‍ നിന്നുള്ള വിമാനത്തില്‍ യു.പി. ഗാസിയാ ബാദ് സ്വദേശി കൊണ്ടു വന്ന കള്ളക്കടത്തു സ്വര്‍ണത്തില്‍ ഉള്‍പ്പെട്ട അര കിലോഗ്രാം തൂക്കമുളള സ്വര്‍ണമാല കടത്താന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ സഹായിയായ ശശികുമാര്‍ പ്രസാദ് ഉള്‍പ്പെടെ രണ്ടു പേര്‍ ഡെല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.

എം.പി.മാരുടെ സ്റ്റാഫിന് നല്‍കുന്ന പ്രത്യേക ഐ.ഡി.കാര്‍ഡ് ഉപയോഗിച്ചാണ് വിമാനത്താവളത്തിന്റെ ലോഞ്ചില്‍ ശശികുമാര്‍ കള്ളക്കടത്തു സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 35.22 ലക്ഷം രൂപ വില വരും.

ശശികുമാറിന് സ്വര്‍ണമാല കൈമാറിയ യു.പി. ഗാസിയാ ബാദ് സ്വദേശിയാണ് പിടിയിലായ മറ്റെയാള്‍. ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കസ്റ്റംസ് വെളിപ്പെടുത്തിയിട്ടില്ല. വിമാനത്താവളത്തിലെ ലോഞ്ചില്‍ ഇരിക്കയായിരുന്ന ശശികുമാറിന് സ്വര്‍ണം കൈമാറിയ ശേഷം സുരക്ഷാ പരിശോധനയ്ക്ക് വിധേയനായ സമയത്ത് യു.പി. സ്വദേശിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി കൂടുതല്‍ പരിശോധിച്ചതോടെയാണ് ഇയാള്‍ കള്ളക്കടത്തുകാരനെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് വിമാനത്താവളത്തിനകത്തു വെച്ചു തന്നെ ശശികുമാറിനെയും കസ്റ്റംസ് പിടിക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

താന്‍ ധര്‍മശാലയില്‍ തിരഞ്ഞെുടുപ്പു പ്രചാരണത്തിലാണെന്നും കാര്യം അറിഞ്ഞപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും ശിവകുമാര്‍ പ്രസാദ് മുന്‍ ജീവനക്കാരന്‍ ആണെന്നും ഇപ്പോള്‍ പാര്‍ട്-ടൈം ആയി വിമാനത്താവളവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുള്ള സഹായിയായി ജോലി ചെയ്യുകയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

തരൂരിന്റെ സഹായി അരക്കിലോ കള്ളക്കടത്തു സ്വര്‍ണമാലയുമായി പിടിയില്‍…സ്വര്‍ണമെത്തിച്ച യുപി സ്വദേശിയും പിടിയിലായി - The Political Editor