• Home
  • kerala
  • സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു, ഔദ്യോഗിക ഭീകരതയെന്ന് എം വി ഗോവിന്ദൻ

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു, ഔദ്യോഗിക ഭീകരതയെന്ന് എം വി ഗോവിന്ദൻ

തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് ഇടതുപക്ഷത്തിനെതിരെ ശക്തമായ നീക്കത്തിന്റെ സൂചന നല്‍കി സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല എന്നാണ് വിവരം.

1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം പണത്തിന്‍റെ ഉറവിടം അടക്കമുളളവ വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. അക്കൗണ്ട് വിവരങ്ങള്‍ ഇന്‍കം ടാക്‌സ് വകുപ്പിന് നേരത്തെ തന്നെ നല്‍കിയ രേഖകളില്‍ കാണിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഔദ്യോഗിക ഭീകരതയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് പ്രതികരിച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകൾ. ഇഡിയുടെയും ആദായ നികുതി വകുപ്പിന്‍റെയും നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിൽ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>