• Home
  • kerala
  • പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം…സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചു, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി സംഘര്‍ഷം

പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം…സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചു, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി സംഘര്‍ഷം

തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി ആരോപിച്ച് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ അസാധാരണമായ ഒരു പ്രതിഷേധത്തിന് തയ്യാറായത് വലിയ സംഘർഷം സൃഷ്ടിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് വാർഡും അംഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നതും അപൂർവമാണ്.

മുതിർന്ന കോൺഗ്രസ് അംഗം തിരുവഞ്ചൂരിനെ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ നിയമസഭാ ഹാളിൽനിന്ന് മാർച്ചായെത്തിയാണ് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഓഫിസ് ഉപരോധിച്ചത്. സ്പീക്കറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ വലിച്ചിഴച്ച് നീക്കാൻ ശ്രമം നടന്നു. പ്രതിഷേധത്തിനിടെ ടി.ജെ.സനീഷ് കുമാർ ജോസഫ് എംഎൽഎ കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാച്ച് ആൻഡ് വാർ‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യമുണ്ടായി. സ്പീക്കറെ ഓഫിസിലേക്ക് കയറ്റാനായി ഭരണപക്ഷ എംഎൽഎമാരും എത്തി. ഇത് വലിയ സംഘർഷമായി. ഭരണ–പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളും നടന്നു.

അതേസമയം പ്രതിപക്ഷ അംഗങ്ങള്‍ വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്‌തതായി സൂചനയുണ്ട്‌. പുരുഷ വാച്ച്‌ ആന്റ്‌ വാര്‍ഡിനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌തതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഒന്‍പത്‌ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ അംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ സി.പി.എം. അംഗങ്ങളായ സച്ചിന്‍ദേവും എച്ച്‌.സലാമും പ്രതിപക്ഷാംഗങ്ങളെ ആക്രമിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ ആരോപിച്ചു. തന്റെ കൈക്ക്‌ പൊട്ടലുണ്ടായെന്നാണ്‌ കെ.കെ.രമയുടെ ആരോപണം. അതേസമയം തനിക്ക്‌ നേരെ കയ്യേറ്റവും മര്‍ദ്ദനവും ഉണ്ടായെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌ ശരിയല്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ദൃശ്യമാധ്യമങ്ങളോട്‌ പ്രതികരിക്കുന്ന ശബ്ദവും പ്രചരിക്കുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *