ഡെല്‍ഹിയില്‍ രാജ്യത്തെ ഗുസ്തിതാരങ്ങള്‍ നടത്തുന്ന പ്രതിഷേധം പൗരത്വഭേദഗതി ബില്ലിനെതിരെ അരങ്ങേറിയ ഷഹീന്‍ ബാഗ് സമരം പോലെയെന്ന് പരിഹസിച്ച് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് എംപി. സിങ് ഗുസ്തിതാരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ രാജ്യാന്തര ഗുസ്തി താരങ്ങളെല്ലാം ചേര്‍ന്ന ഡെല്‍ഹിയില്‍ രണ്ടു ദിവസമായി പ്രതിഷേധധര്‍ണ നടത്തുകയാണ്. ഈ പ്രതിഷേധത്തെ “ഷഹീൻ ബാഗിലെ ധർണ” എന്ന് സിങ് വിശേഷിപ്പിച്ചു. താൻ സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സിംഗിനെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഗുസ്തിക്കാർ വെള്ളിയാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ സമീപിച്ചു. എന്നാൽ, സ്ഥാനം ഒഴിയില്ലെന്ന നിലപാടിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ഉറച്ചുനിൽക്കുകയാണ്.













