മംഗലുരുവില്‍ ഹിന്ദുത്വവാദികളെന്നു പറയപ്പെടുന്ന ഒരു സംഘത്തിന്റെ സദാചാര പോലീസിങ്. ബസ്സില്‍ സഞ്ചരിക്കയായിരുന്ന മുസ്ലീം യുവാവിനെയും മറ്റൊരു മതത്തില്‍ പെട്ട യുവതിയെയും അക്രമി സംഘം തടഞ്ഞു. യുവാവിനെ ബസ്സിനു പുറത്തേക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചു. വ്യാഴാഴ്ച രാത്രി മംഗലുരുവിലെ നന്തൂരിലാണ് സംഭവം. യുവതീയുവാക്കള്‍ കാര്‍ക്കളയില്‍ നിന്നും മംഗലുരുവിലേക്ക് വരികയായിരുന്നു. നിട്ടെ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ചിലര്‍ ഡിഗ്രി വിദ്യാര്‍ഥിയും സഹപാഠിയുമാണ് ആക്രമണത്തിനിരയായത്. ഐ.ഡി കാര്‍ഡ് കാണിക്കാന്‍ അക്രമികള്‍ യുവാവിനോട് ആവശ്യപ്പെടുകയും പിന്നീട് ബസ്സിനു പുറത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. അക്രമിസംഘം ഏത് ഗ്രൂപ്പില്‍ പെട്ടതാണെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇരയുടെ പരാതിയെത്തുടര്‍ന്ന് ഹിന്ദുത്വ ആക്ടീവിസ്റ്റുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.













