ആമസോണ്‍ ഇന്ത്യയിലെ രണ്ട് സംരംഭങ്ങള്‍ നിര്‍ത്തി. ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ ‘ആമസോൺ അക്കാദമി’ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ച് ഒറ്റ ദിവസത്തിന് ശേഷം ഇ-കൊമേഴ്‌സ് കമ്പനിയായ തങ്ങളുടെ പൈലറ്റ് ഫുഡ് ഡെലിവറി ബിസിനസ്സ് ആയ ആമസോൺ ഫുഡ് ബെംഗളൂരുവിലെ പ്രവർത്തനം അവസാനിപ്പിച്ചു. പലചരക്ക്, സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക്‌സ്, ഫാഷൻ & ബ്യൂട്ടി, ആമസോൺ ബിസിനസ് പോലുള്ള ബി2ബി ഓഫറുകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കമ്പനി നിക്ഷേപം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
ആമസോണിലെ പിരിച്ചുവിടലിനെക്കുറിച്ച് ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നവംബർ 23 ന് ആമസോണിനെയും യൂണിയനെയും സംയുക്ത ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിരിച്ചുവിടൽ സംബന്ധിച്ച് ജീവനക്കാരിൽ നിന്നും ഔപചാരികമായ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആമസോൺ വൃത്തങ്ങൾ അറിയിച്ചു. ആരെയും രാജിവെക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് കമ്പനി പറയുന്നു. 2020-ലാണ് ബെംഗലുരുവില്‍ ഭക്ഷണവിതരണ ബിസിനസ് ആമസോണ്‍ ആരംഭിച്ചത്. റസ്‌റ്റോറന്റുകളുമായി സഹകരിച്ച് പിന്നീട് ശൃംഖല വിപുലീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ ബിസിനസ് അവസാനിപ്പിക്കുന്നത് എന്തിനാണെന്ന കാര്യം ദുരൂഹമാണ്. ഇതു സംബന്ധിച്ച് വിശദീകരണമൊന്നും കമ്പനി നല്‍കിയിട്ടില്ല.













