• Home
  • kerala
  • തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി

തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരെ കുത്തിക്കൊന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി

തലശ്ശേരിയില്‍ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്‌ രണ്ട്‌ സി.പി.എം. പ്രവര്‍ത്തകര്‍ കത്തിക്കുത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി പാറായി ബാബു പിടിയിലായി. ഇരിട്ടിയില്‍ നിന്നാണ്‌ ബാബുവിനെ പിടിച്ചത്‌. നേരത്തെ ജാക്‌സണ്‍, നവീന്‍, സുജിത്‌ എന്നീ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ജാക്‌സണ്‍ മുഖ്യപ്രതി ബാബുവിന്റെ ഭാര്യാ സഹോദരനാണ്‌.

ഇന്നലെ വൈകീട്ട്‌ നാലു മണിയോടെ തലശ്ശേരി വീനസ്‌ കോര്‍ണറിലെ തലശ്ശേരി സഹകരണ ആശുപത്രി കാന്റീനിന്‌ സമീപത്തായിരുന്നു അക്രമസംഭവം അരങ്ങേറിയത്‌. കൊടുവള്ളിയിലെ ഇല്ലിക്കുന്നിൽ ത്രിവർണ്ണയിൽ ഖാലിദ് ( 52), ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂർ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീർ (48) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നെട്ടൂർ സാറാസിൽ ഷാനിബി(24) നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖാലിദ് തൽക്ഷണവും ഷമീർ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലുമാണ് മരിച്ചത്. ഖാലിദിന് കഴുത്തിനും ഷമീറിന്റെ പുറത്തും ഷാനിബിന് നെഞ്ചിനുമാണ് കുത്തേറ്റത്.

കൊല്ലപ്പെട്ട ഖാലിദും ഷമീറും

ഇന്നലെ ഉച്ചയ്ക്ക് നെട്ടൂർ ചിറമ്മൽ ഭാഗത്ത് വച്ച് ഷമീറിന്റെ മകൻ ഷബീലിനെ ഒരു സംഘം അടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട ഖാലിദും ഷമീറും. ഇതിനിടയിൽ അക്രമി സംഘാംഗങ്ങളിൽ ഒരാൾ ആശുപത്രിയിൽ എത്തി കേസ് ആക്കരുതെന്നും പറഞ്ഞു തീർക്കാമെന്നും പറഞ്ഞു ഇവരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി ഓട്ടോറിക്ഷയിൽ കാത്തുനിന്ന മറ്റു മൂന്നു പേരും ചേർന്ന് കുത്തിക്കൊലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *