• Home
  • kerala
  • ഗവര്‍ണര്‍ക്കെതിരെ ഡി.എം.കെ.യുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് സി.പി.എം.

ഗവര്‍ണര്‍ക്കെതിരെ ഡി.എം.കെ.യുമായി ചേര്‍ന്ന് പ്രക്ഷോഭത്തിന് സി.പി.എം.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ.യുമായി കൈകോര്‍ത്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ ശക്തമായ പക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.എം. ഒരുങ്ങുന്നു. സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള നിയമനിര്‍മ്മാണവും നടത്തുമെന്നും സി.പി.എം. സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നു. അതേസമയം ഡി.എം.കെ.യുമായി സഖ്യമായി സമരം നടത്താന്‍ തീരുമാനിക്കുമ്പോഴും ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ പരസ്യമായി ആവശ്യപ്പെടുകയും രേഖാമൂലം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതുകയും ചെയ്ത ഡി.എം.കെ. മുഖ്യമന്ത്രിയുടെ മാര്‍ഗം പിന്തുടരാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. ആരിഫ്മുഹമ്മദ്ഖാനു നേരെ ഇപ്പോഴും സര്‍ക്കാര്‍ തുടരുന്ന മൃദുസമീപനം ഇതോടെ പുതിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് ഉടനെ കൊണ്ടുവരാനും ബില്ലുകള്‍ വെച്ചു താമസിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിയെ മറികടക്കാന്‍ നിയമോപദേശം തേടാനും സി.പി.എം. തീരുമാനിച്ചതായി സൂചനയുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ്.നരിമാന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ബില്ലുകള്‍ വെച്ചു താമസിപ്പിച്ചാല്‍ ഗവര്‍ണര്‍ക്കെതിരെ ഉന്നത നീതി പീഠത്തെ സമീപിക്കാനുള്ള ഒരുക്കമാണ് ഈ നിയമോപദേശത്തിനു പിന്നില്‍.
രണ്ടു ദിവസമായി നടന്നു വരുന്ന സി.പി.എം. സംസ്ഥാന നേതൃയോഗത്തിലാണ് പ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *