കേരള ഗവര്‍ണര്‍ക്ക് മാധ്യമപ്രവര്‍ത്തകരെ പേടി. ഇല്ലാത്ത അധികാരമെല്ലാം ഉണ്ടെന്നു ഭാവിച്ച് താന്‍ പറയുന്ന കാര്യങ്ങളെല്ലാം ഉപ്പു കൂട്ടാതെ വിഴുങ്ങാന്‍ തയ്യാറാകാത്ത മാധ്യമപ്രവര്‍ത്തകര്‍ ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ച് പിണറായി വിജയന്റെ സഖാക്കളാണ്. എല്ലാവരെയും പേടി. പറഞ്ഞാല്‍ പണി കിട്ടുമോ എന്ന പേടി. അതിനാല്‍ അദ്ദേഹം ഏതാനും ആഴ്‌ച മുമ്പ് ഇനി ഇംഗ്ലീഷ് മാധ്യമങ്ങളോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്ന പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ ഇന്ന് വൈസ് ചാന്‍സലര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് സ്വാഭാവിക പ്രതികരണം തേടിയപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞത് നിങ്ങളിലാരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നും അവരുടെ വേഷത്തില്‍ വന്നവര്‍ ആരാണെന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ്. കാണുന്നവരെയെല്ലാം തെറ്റിദ്ധിരിക്കുന്ന ഒരു ഫോബിയ ഗവര്‍ണര്‍ക്ക് ഉണ്ടോ എന്ന സംശയം ഉയരുന്നെങ്കില്‍ തെറ്റു പറയാനാവില്ല. വിമര്‍ശനങ്ങളെ, ചോദ്യം ചോദിക്കലുകളെ ഭയപ്പെടുന്ന ഫാസിസ്റ്റ് അധികാര മനശ്ശാസ്‌ത്രത്തിന്റെ കേരളത്തിലെ പുതിയ പ്രതിനിധി ആയിത്തീരുകായണോ ഗവര്‍ണര്‍ എന്നും സംശയിക്കാം.
സർവകലാശാലകളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനു ശേഷം പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടായിരുന്നു ഗവർണറുടെ വിചിത്രമായ മറുപടി. നിങ്ങളിൽ യഥാർഥ മാധ്യമപ്രവർത്തകർ ആരാണെന്നും മാധ്യമപ്രവർത്തകരുടെ വേഷം കെട്ടിയ കേഡർമാർ ആരെന്നും തനിക്ക് അറിയാൻ കഴിയുന്നില്ലെന്നു ഗവർണർ പറഞ്ഞു. അത്തരക്കാർക്കു മറുപടിയില്ലെന്നും തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്‌ഭവൻ വഴി അപേക്ഷ സമർപ്പിക്കാമെന്നും അത്തരത്തിൽ അപേക്ഷ സമർപ്പിക്കുന്നവരുമായി സംസാരിക്കുമെന്നു താൻ ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു. പ്രതികരണം രാജ്ഭവൻ വഴി ഔദ്യോഗികമായി മാത്രമായിരിക്കുമെന്നും ഗവർണർ പറഞ്ഞു.













