കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തുന്ന നരവേട്ട വീണ്ടും. കാശ്‌മീര്‍ പണ്ഡിറ്റുകളുടെ സംരക്ഷണത്തിനായി വാദിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ നിസ്സഹായരാക്കിക്കൊണ്ടാണ് ഇന്നും ഒരു പണ്ഡിറ്റ് സമുദായാംഗം വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ഷോപിയാൻ ജില്ലയിൽ പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ട പുരൻ കൃഷൻ ഭട്ടിനെ ഭീകരർ വെടിവച്ചുകൊന്നു. അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങുന്ന ആളായിരുന്നു പുരൻ. ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. ഓഗസ്റ്റ് പതിനാറിന് ആപ്പിൾ തോട്ടത്തിൽ വച്ചും കാശ്മീരി പണ്ഡിറ്റിനെ വെടിവച്ചു കൊന്നിരുന്നു. അഞ്ച് മാസം മുമ്പ് ബുഡ്ഗാമിൽ സർക്കാർ ഓഫിസിൽ പണ്ഡിറ്റ് കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം ഉടലെടുത്തു. മരണഭയത്താല്‍ പണ്ഡിറ്റ് സമുദായത്തില്‍ പെട്ടവര്‍ ഇപ്പോള്‍ ജോലിക്കായി പുറത്തു പോകാന്‍ പോലും മടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആരും ജോലിക്കായി പോകാതെ വീട്ടിലിരിക്കയാണ്. ഇതര സംസ്ഥാന തൊഴിലാളികളെയും പണ്ഡിറ്റുമാരെയുമാണ് അടുത്ത കാലത്തായി ടാര്‍ജറ്റ് ചെയ്‌ത് ഭീകരര്‍ തുടര്‍ച്ചയായി കൊന്ന് ഈ രണ്ടു വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.













