സി.പി.ഐ. സംസ്ഥാന സമ്മേളനം നാളെ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കവേ പാര്‍ടിയിലെ വിഭാഗീയത പൊട്ടിത്തെറിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നും ഇന്ന് തുടങ്ങിയ കൊടിമരജാഥയുടെ ഉദ്‌ഘാടനപരിപാടിയില്‍ നിന്നും രണ്ട് പ്രധാന നേതാക്കള്‍ വിട്ടുനിന്നത് പൊട്ടിത്തെറിയുടെ ബഹിര്‍ പ്രകടനമായി. കൊടിമരം ക്യാപ്‌റ്റന് കൈമാറേണ്ടിയിരുന്ന നേതാവായ കെ.ഇ.ഇസ്‌മയില്‍ ആ പരിപാടിയില്‍ പങ്കെടുത്തില്ല. കാനം രാജേന്ദ്രനുമായി കടുത്ത ഭിന്നതയില്‍ നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് സി.ദിവാകരനും പരിപാടി ബഹിഷ്‌കരിച്ചു. ഇതിനെതിരെ എതിര്‍ഗ്രൂപ്പിനെ നയിക്കുന്ന പാര്‍ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തു വരികയും ചെയ്‌തിട്ടുണ്ട്. വിഭാഗീയതയും വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനവും പാര്‍ടിയില്‍ അനുവദിക്കില്ലെന്ന് കാനം പാർട്ടി പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ തുറന്നടിച്ചു.













