രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം ബെംഗളൂരു മഹാ നഗരത്തിലെ ഗതാഗതം സ്തംഭിപ്പിച്ചു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന്റെ സുഗമമായ സഞ്ചാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം ആയിരക്കണക്കിന് വാഹനയാത്രക്കാരാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. എച്ച്എഎൽ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ രാഷ്ട്രപതി തിങ്കളാഴ്ച വൈകിട്ട് തിരക്കേറിയ സമയത്താണ് രാജ്ഭവനിലേക്ക് പോയത്. ഓൾഡ് എയർപോർട്ട് റോഡ്, എംജി റോഡ്, ഡിക്കൻസൺ റോഡ്, കാമരാജ് റോഡ്, കബ്ബൺ റോഡ്, രാജ്ഭവൻ റോഡ് എന്നിവയിലൂടെ വാഹനവ്യൂഹത്തിന്റെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ, ട്രാഫിക് പോലീസ് ഈ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞു. ഇത് ഈ റോഡുകളിലും അനുബന്ധ റോഡുകളിലും പരിസര പ്രദേശങ്ങളിലും വലിയ ഗതാഗതക്കുരുക്കിന് കാരണമായി.













