മരിച്ചയാളുടെ പേരിൽ മകൾ ബാർ ലൈസൻസ് നേടിയെന്ന കോൺഗ്രസിന്റെ ആരോപണത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മരിച്ചയാളുടെ പേരിൽ റസ്റ്റാറന്റിന് ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന് കാണിച്ച് സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സോയിഷ് ഇറാനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചിരുന്നു.ഇതിനുള്ള മറുപടിയാണ് സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ നൽകിയത്. മകളെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചവർക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ഇവരെ ജനങ്ങളുടെ കോടതിക്ക് മുന്നിൽ തുറന്നുകാണിക്കുമെന്നും സ്മൃതി പറഞ്ഞു. മകൾക്ക് എതിരെ വാർത്താസമ്മേളനം നടത്താൻ പവൻ ഖേരയെ നിയോഗിച്ച രാഹുൽ ഗാന്ധിയെ 2024ൽ അമേഠിയിൽ നിന്ന് വീണ്ടും തോൽപ്പിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിൽ മകളുടെ പേര് എവിടെയാണെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം. രാജ്യത്തിന്റെ ഖജനാവിൽ നിന്ന് 5000 കോടി കവർന്നതിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതിന് കോൺഗ്രസ് തന്നോട് പക തീർക്കുകയാണെന്നും സ്മൃതി ആരോപിച്ചു.













