• Home
  • kerala
  • വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം ; അതിജീവിത സുപ്രീം കോടതിയിൽ

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണം ; അതിജീവിത സുപ്രീം കോടതിയിൽ

തന്നെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ അതിജീവിത ആരോപിച്ചു. മുൻകൂർ ജാമ്യത്തിൽ കഴിയുന്ന പ്രതി കേസിലെ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും അതിജീവിത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്തിരുന്ന് വിജയ് ബാബു ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണെന്ന് അപ്പീലിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്ന് ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ല.

അന്വേഷണത്തിൽ നിന്ന് ബോധപൂർവം ഒളിച്ചോടാൻ വേണ്ടിയാണ് വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഭിഭാഷകൻ രാകേന്ദ് ബസന്താണ് അതിജീവിതയുടെ അപ്പീൽ ഫയൽ ചെയ്തത്.

ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്താഴ്ച്ച അപ്പീൽ ലിസ്റ്റ് ചെയ്യാൻ അതിജീവതയുടെയും സംസ്ഥാന സർക്കാരിന്റെയും അഭിഭാഷകർ നടപടി ആരംഭിച്ചു. ഇതിനായി ഉടൻ തന്നെ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകും.

Leave a Reply

Your email address will not be published. Required fields are marked *