• Home
  • kerala
  • പി.സി ജോർജിനെതിരെ പീഡന പരാതി ; അറസ്റ്റ് ഉടനുണ്ടായേക്കും

പി.സി ജോർജിനെതിരെ പീഡന പരാതി ; അറസ്റ്റ് ഉടനുണ്ടായേക്കും

സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. പി.സി. ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.

കഴിഞ്ഞ ഫെബ്രുവരി 10-ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിൽ പി.സി. ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.
കേസില്‍ സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റിയിരുന്നു. തിരുവനന്തപുരത്ത് റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *