മഹാരാഷ്ട്രയിൽ വിമതരെ പിളർത്താനുള്ള നീക്കവുമായി ശിവസേനയുടെ ഔദ്യോഗിക പക്ഷം കരുക്കൾ നീക്കിത്തുടങ്ങി . ഗുവാഹത്തിയിലെ ഹോട്ടലിൽ തങ്ങുന്നവരിൽ 20 വിമത എംഎൽഎമാരുമായി ഉദ്ധവ് പക്ഷം സമ്പർക്കം പുലർത്തുന്നുവെന്നാണ് സൂചന. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു. അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഇന്ന് വിമത ക്യാമ്പിലെത്തി. ഇതോടെ 9 മന്ത്രിമാർ ഷിൻഡേക്ക് ഒപ്പമായി. ഏകനാഥ് ഷിൻഡെ അടക്കമുള്ള 5 മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി മറുകണ്ടം ചാടിയത്. വൈകീട്ടോടെയാണ് ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ആയിരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിൽ എത്തിയത്. ഇതോടെ ഉദ്ധവ് പക്ഷത്തിൽ അവശേഷിക്കുന്ന മന്ത്രിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി.













