• Home
  • latest news
  • റാഡിസണ്‍ ബ്ലൂവില്‍ സസുഖം…ഗുവാഹത്തിയിലെ ഈ ഹോട്ടലിന്റെ ആംബിയന്‍സ്‌ കാണുക

റാഡിസണ്‍ ബ്ലൂവില്‍ സസുഖം…ഗുവാഹത്തിയിലെ ഈ ഹോട്ടലിന്റെ ആംബിയന്‍സ്‌ കാണുക

അസമിലെ ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ദിവസങ്ങളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നു. മുപ്പതിലേറെ വിമത ശിവസേനാ എം.എല്‍.എമാരെ ഇവിടെ സുഖമായി പാര്‍പ്പിച്ചിരിക്കയാണ്‌ ബി.ജെ.പി. ഒത്താശയോടെ വിമത നേതാവ്‌ ഏക്‌നാഥ്‌ ഷിന്‍ഡെ. ഹോട്ടലിന്‌ സുരക്ഷയും വിമത എം.എല്‍.എ.മാര്‍ക്കും ഏക്‌നാഥ്‌ ഷിന്‍ഢെക്കും യാത്രാസൗകര്യവും ഒരുക്കുന്നത്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വശര്‍മയുടെ പൊലീസ്‌.
പഞ്ച നക്ഷത്ര ഹോട്ടല്‍ ബുക്ക്‌ ചെയ്‌തതും സംസ്ഥാന ബി.ജെ.പി.യുടെ ഒത്താശയോടെയാണ്‌.

ഹോട്ടലിലെ ആഡംബര ഹാളില്‍ ഏകനാഥ്‌ ഷിന്‍ഡെയും വിമത എം.എല്‍.എ.മാരും ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തപ്പോള്‍

എം.എല്‍.എ.മാരെ അകത്തേക്ക്‌ പ്രവേശിപ്പിച്ചാല്‍ പിന്നെ പുറത്തേക്ക്‌ വിടുന്നില്ല. അകത്താവട്ടെ അത്യാഡംബരപൂര്‍ണമായ അന്തരീക്ഷമാണ്‌. ജനപ്രതിനിധികള്‍ക്ക്‌ ഇതെല്ലാം ആസ്വദിച്ച്‌ സുഖിക്കാം. 70 മുറികള്‍ വിമതര്‍ക്കായി ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. മുറി വാടക 56 ലക്ഷം രൂപയാണ്‌. എന്നാല്‍ ആഡംബര ജീവിത സൗകര്യം ഉള്‍പ്പെടെ ഏഴ്‌ ദിവസത്തേക്ക്‌ ആകെ ചിലവ്‌ 1.12 കോടി രൂപയാണെന്ന്‌ പറയുന്നു. ഇതില്‍ ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും മറ്റ്‌ സേവനങ്ങളും എല്ലാം ഉള്‍പ്പെടുന്നു. ദിനം പ്രതി എട്ട്‌ ലക്ഷം രൂപ ചെലവാകും.

കൊതിപ്പിക്കുന്ന സൗകര്യങ്ങളുള്ള ഹോട്ടലില്‍ ആകെ 196 മുറികളുണ്ട്‌. കോര്‍പ്പറേറ്റ്‌ ബുക്കിങ്‌ ഒഴികെ ഇപ്പോള്‍ ഹോട്ടലില്‍ വേറെ ബുക്കിങുകള്‍ ഒന്നും സ്വീകരിക്കുന്നില്ല. എന്തിനും തയ്യാറാക്കി നിര്‍ത്തിയിരിക്കയാണ്‌ റാഡിസണ്‍ ബ്ലൂ. ഹിമന്ത ബിസ്വശര്‍മ നേരിട്ടാണ്‌ ഇവിടുത്തെ സംവിധാനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്‌.

വേവ്വേറെ മുറികളാണ്‌ എല്ലാം എം.എല്‍.എ.മാര്‍ക്കും എന്നാണ്‌ പറയുന്നത്‌. പരസ്‌പരം കാര്യങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം പരമാവധി നിഷേധിക്കുന്ന രീതിയിലാണ്‌ താമസം ഒരുക്കിയിട്ടുള്ളത്‌. പരസ്യമായി ബി.ജെ.പി. നേതാക്കളാരും ഹോട്ടലിലേക്ക്‌ പോയിട്ടില്ലെങ്കിലും വിളിപ്പുറത്ത്‌ അവരുണ്ട്‌ എന്നാണ്‌ ഹോട്ടലില്‍ നിന്നുള്ള റിപ്പോര്‍ട്ടിലുള്ളത്‌.

Leave a Reply

Your email address will not be published. Required fields are marked *